രാജ്യത്തെ ഫെഡറൽ തത്വങ്ങളെ പൂർണ്ണമായും ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ ഒരു കാരണവശാലും നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.
രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും, വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നു. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ജനവിധി തന്നെ ഇത്തരം സംഘപരിവാർ അജണ്ടകളെ പ്രതിരോധിക്കുന്നതിനുള്ളതാണെന്നും യൂത്ത് ലീഗ് കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ ഉപാധികളില്ലാതെ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നിവേദനം നൽകി. വിഷയത്തിൽ വിദ്യാർത്ഥി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്ത് തുടർനടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. നിലവിൽ പദ്ധതിയെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനായി നാല് മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉപസമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ തുടർ നടപടിക്രമങ്ങൾ മുന്നോട്ട് പോയിരുന്നില്ല. മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയുടെ പ്രാഥമിക കരാറിൽ ഒപ്പിട്ടതുകൊണ്ടാണ് നിലവിലെ യുഡിഎഫ് സർക്കാർ പ്രതിസന്ധിയിലായതെന്ന വാദത്തിൽ ഭരണപക്ഷം ഉറച്ചുനിൽക്കുകയാണ്. നിലവിൽ കേന്ദ്ര വിഹിതം ലഭിക്കാൻ മറ്റു വഴികൾ ഇല്ലാതെയാണ് ഇതുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments