കണ്ണൂർ പാനൂരിൽ സർവകലാശാല ഗസ്റ്റ് അധ്യാപിക ആദിത്യ (28) ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ പ്രതിയായ ആൺസുഹൃത്ത് പോലീസ് പിടിയിൽ. മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെയാണ് പാനൂർ പോലീസ് പിടികൂടിയത്. ആദിത്യയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ആൺസുഹൃത്തായ ശരണിന്റെ ക്രൂരമായ മർദ്ദനവും അതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമവുമാണ് ആദിത്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്ന ആദിത്യയ്ക്ക് കഴിഞ്ഞ ജൂൺ 8-നാണ് തലശ്ശേരിയിൽ വെച്ച് ശരണിന്റെ മർദ്ദനമേൽക്കുന്നത്. മർദ്ദനമേറ്റ വിവരം ആദിത്യ വീട്ടിലെത്തിയ ഉടൻ തന്നെ അമ്മയോടും മറ്റ് ബന്ധുക്കളോടും തുറന്നുപറഞ്ഞിരുന്നു. ശരൺ പരസ്യമായി മർദ്ദിച്ചത് തനിക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും ഇതാണ് തന്നെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആദിത്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യയെ വീട്ടിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പിന്നീട് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ ആദിത്യ മരണത്തിന് കീഴടങ്ങി.
ആദിത്യയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ പ്രതിയായ ശരൺ ഒളിവിൽ പോയിരുന്നു. യുവതിയുടെ കുടുംബം നൽകിയ കൃത്യമായ പരാതിയുടെയും മരണത്തിന് മുൻപ് ആദിത്യ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ ശക്തമാക്കുകയും ഒടുവിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശരണിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പാനൂർ പോലീസ് അറിയിച്ചു.
70 12 23 03 34
.jpg)


0 Comments