കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ഹോംസ്റ്റേയില്‍ ബെംഗളൂരു സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളി യുവാവിനെതിരെ പോലീസ് അന്വേഷണം. ബെംഗളൂരുവിലെ ക്യാബ് ഡ്രൈവറും കേരളത്തില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമായ മുഹമ്മദ് സഞ്ജീത് അലി (26) എന്ന യുവാവിനെതിരെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ശനിയാഴ്ച മുദ്ദേനഹള്ളി ഗ്രാമത്തിന് സമീപമുള്ള ഹോംസ്റ്റേയിലാണ് സായ് സുരഭി (26) എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സഞ്ജീത് അലിയെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും നേരത്തെ കേരളത്തിലേക്ക് ഒളിച്ചോടിയിരുന്നതായും പിന്നീട് സ്വമേധയാ തിരിച്ചെത്തിയതാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇവരുടെ ബന്ധത്തെ സുരഭിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. സഞ്ജീത് അലി തങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. മകളെ ഇയാള്‍ ലഹരിക്ക് അടിമയാക്കിയതാണെന്നും 'ലവ് ജിഹാദ്' ലക്ഷ്യമിട്ടാണ് സുരഭിയെ ഇയാള്‍ വലയിലാക്കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു. നേരത്തെ ഇരുവരും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെ മദ്യപാനത്തിനും മയക്കുമരുന്ന് ആസക്തിക്കും ചികിത്സയ്ക്കായി സുരഭിയെ കുടുംബം മൈസൂരുവിലെ പുനരധിവാസ കേന്ദ്രത്തില്‍ ആറ് മാസത്തോളം പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് യുവതി ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാമ്പസില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായാണ് സുരഭി ചിക്കബല്ലാപ്പൂരില്‍ എത്തിയത്.
വിവരമറിഞ്ഞ് കേരളത്തില്‍ നിന്നെത്തിയ അലി, ഹോംസ്റ്റേയില്‍ മുറിയെടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇരുവരും ദിവസങ്ങളോളം ഇവിടെ ഒന്നിച്ച് താമസിച്ചിരുന്നതായും സംശയിക്കുന്നു. ശനിയാഴ്ചയാണ് അലി ഹോംസ്റ്റേയില്‍ മുറിയെടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സുരഭി എപ്പോഴാണ് എത്തിയത് എന്നതില്‍ പോലീസ് വ്യക്തത വരുത്തേണ്ടതുണ്ട്. സംഭവസ്ഥലത്തുനിന്ന് കയര്‍, നിരവധി ഗുളികകള്‍, മദ്യക്കുപ്പികള്‍, ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങള്‍, തലയിണ എന്നിവ പോലീസ് കണ്ടെടുത്തു. എന്നാല്‍ സുരഭിയുടെ ശരീരത്തില്‍ പുറമെയുള്ള പരിക്കുകളോ രക്തസ്രാവമോ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. മരണം കൊലപാതകമാണോ, ആത്മഹത്യയാണോ അതോ വിഷബാധയേറ്റതാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും ചിക്കബല്ലാപ്പൂര്‍ എസ്.പി കുശാല്‍ ചൗക്‌സി അറിയിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച് നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന സഞ്ജീത് അലി ബോധം വീണ്ടെടുക്കുന്നതോടെ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചുരുളഴിയുകയുള്ളൂ. നന്ദി പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
70 12 23 03 34
.jpg)


0 Comments