11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 26 കാരന് 34 വര്‍ഷം കഠിനതടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് നോബല്‍ ഡി.എസ് ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഹെലിബറിയ മൊട്ടലയം സ്വദേശിയായ യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി മറ്റാരുമില്ലാതിരുന്ന സമയത്താണ് പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത്. പ്രൊസിക്യൂഷന് ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിഴത്തുകയായ 2.70 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ ഒടുക്കാതിരുന്നാല്‍ 11 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളിലായി 34 വര്‍ഷം തടവ് വിധിച്ചെങ്കിലും, ഇതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷാ കാലാവധിയായ 20 വര്‍ഷം പ്രതി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പീരുമേട് മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി. പ്രൊസിക്യൂഷന് നടപടികള്‍ക്ക് സഹായവുമായി ലെയ്സണ്‍ ഓഫീസര്‍ എഎസ്ഐ ആശ പി.കെയും ഒപ്പമുണ്ടായിരുന്നു.
70 12 23 03 34

.jpg)


0 Comments