പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കവർച്ചയ്ക്കായി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി.
കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പത്തൊൻപതുകാരൻ ഉദയകുമാറിന്റെ സുഹൃത്തായ പതിനേഴുകാരനാണ് പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസമായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പതിനേഴുകാരൻ മുൻപും ഒരു വധശ്രമക്കേസിൽ പ്രതിയായിരുന്നു.
വയോധികയുടെ മൂക്കിലെ ഇരുവശങ്ങളിലുമുണ്ടായിരുന്ന മൂക്കുത്തികൾ കവർച്ച ചെയ്യുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി വ്യക്തമാക്കി. കവർച്ചാ ശ്രമത്തിനിടയിലാണ് ഇവർ വയോധികയെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സരസാളിന്റെ മൃതദേഹം പ്രതികൾ തീയിട്ട് കത്തിക്കുകയായിരുന്നു. തുടർന്ന് ബാക്കിവന്ന അവശിഷ്ടങ്ങൾ പുറത്തു കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു.
സരസാളിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതാണ് കേസിൽ നിർണായക വഴിത്തിരിവായത്. ആദ്യഘട്ടത്തിൽ കൊലപാതക വിവരം നിഷേധിച്ച പ്രതി, പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
ഇതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ പൂർത്തിയാക്കിയത്. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
70 12 23 03 34

.jpg)


0 Comments