പല വീടുകളിലും വീട്ടുനമ്പർ അറിയാത്ത അവസ്ഥ...ഗേറ്റിന് മുന്നിൽ കെട്ടിയിട്ടിരിക്കുന്ന നായ്ക്കൾ ...വഴികളിലെ പാമ്പുകൾ ...സെൻസസ് വിവരശേഖരണത്തിനായി അധ്യാപകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ



 സംസ്ഥാനത്ത് ‘സെൻസസ് 2027’-ന്റെ ഭാഗമായുള്ള വിവരശേഖരണത്തിനായി അധ്യാപകർ വീടുകൾ കയറിത്തുടങ്ങി. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ വലിയ പ്രതിസന്ധികളും രസകരമായ അനുഭവങ്ങളുമാണ് എന്യൂമറേഷൻ ജോലിക്കു ചുമതലപ്പെട്ട അധ്യാപകർക്ക് നേരിടേണ്ടി വരുന്നത്. ആദ്യത്തെ ദിവസങ്ങളിൽ ഹൗസ് ലിസ്റ്റിങ്ങിനായാണ് അധ്യാപകർ വീടുകളിൽ എത്തുന്നത്. വീട്ടുനമ്പർ രേഖപ്പെടുത്തിയ ശേഷം, വഴിയും ഇരുവശങ്ങളിലുമുള്ള വീടുകളുടെ വിവരങ്ങളും മറ്റും ഫോമിൽ എഴുതി പ്ലാൻ വരച്ച് സൂപ്പർവൈസർക്കു നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇതേ വീടുകളിൽ വിശദമായ വിവരശേഖരണത്തിനായി അധ്യാപകർക്ക് രണ്ടാമതും എത്തേണ്ടതുണ്ട്. 


 പല വീടുകളിലും എത്തുമ്പോൾ സ്വന്തം വീട്ടുനമ്പർ പോലും അറിയാത്ത അവസ്ഥയിലാണ് വീട്ടുകാരെന്ന് എന്യൂമറേറ്റർമാർ പറയുന്നു. ഒടുവിൽ വീട്ടിലുള്ള റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ തപ്പിയെടുത്ത് അതിൽനിന്നാണ് അധ്യാപകർക്ക് വീട്ടുനമ്പർ കണ്ടുപിടിക്കേണ്ടി വരുന്നത്. ആളില്ലാത്ത വീടുകളാണെങ്കിൽ കാര്യങ്ങൾ ഇതിലും കഷ്ടമാണ്. അയൽവാസികളിൽ നിന്ന് ഫോൺ നമ്പർ വാങ്ങി ഉടമസ്ഥനെ വിളിച്ച് ചോദിച്ചാണ് പലയിടത്തും വീട്ടുനമ്പർ കണ്ടെത്തുന്നത്. ഇതിനിടയിൽ വിവരങ്ങൾ നൽകാൻ ചില വീട്ടമ്മമാർ കാണിക്കുന്ന സംശയവും അധ്യാപകരെ കുഴക്കുന്നുണ്ട്. 


 എന്നാൽ ഇതൊന്നുമല്ല അധ്യാപകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. വലിയ മതിൽക്കെട്ടുകളുള്ള വീടുകളിൽ എത്തുമ്പോൾ ഗേറ്റിന് മുന്നിൽ കെട്ടിയിട്ടിരിക്കുന്ന അല്ലെങ്കിൽ അഴിച്ചുവിട്ടിരിക്കുന്ന കാവൽനായ്ക്കളാണ് വലിയ ഭീഷണി ഉയർത്തുന്നത്. പലയിടത്തും വീട്ടുകാർ പുറത്തേക്ക് വരണമെങ്കിൽ പോലും നായ്ക്കൾ സമ്മതിക്കാത്ത അവസ്ഥയുണ്ട്. മലയോര-ഗ്രാമപ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളിലൂടെയും വഴികളിലൂടെയും നടക്കുമ്പോൾ പാമ്പുകളുടെ ശല്യവും എന്യൂമറേറ്റർമാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്. വരും ദിവസങ്ങളിൽ കനത്ത മഴയെക്കൂടി അവഗണിച്ച് വേണം അധ്യാപകർക്ക് ഈ വിവരശേഖരണം പൂർത്തിയാക്കാൻ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments