ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ച ഷെഡ്യൂൾ എച്ച് മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്ത യുവാവ് പിടിയിൽ..


ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ച ഷെഡ്യൂൾ എച്ച് മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്ത യുവാവ് പിടിയിൽ
 
 സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി, കൊറിയർ സർവീസ് വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിൽപ്പന നടത്തിയിരുന്ന യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി.


രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയർ സർവീസ് സെന്ററിലേക്ക് ഡൽഹിയിൽ നിന്ന് ഇത്തരത്തിലുള്ള മരുന്നുകൾ അടങ്ങിയ പാർസൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പാർസൽ കൈപ്പറ്റാനെത്തിയ കോട്ടയം,പൊൻകുന്നം,
ചിറക്കടവ് ശാന്തിഗ്രാം,എട്ടുവേലിൽ,   അമീർഖാൻ ഇ.എസ്. (27) എന്നയാളെ  പാർസലടക്കം കസ്റ്റഡിയിലെടുക്കുകയായിരുന്നു.


പരിശോധനയിൽ 80 വയലുകൾ അടങ്ങിയ ഷെഡ്യൂൾ എച്ച് മരുന്നുകളാണ് പാർസലിലുണ്ടായിരുന്നത്. ജിമ്മുകളിലും വടംവലി മത്സരങ്ങളിലുമൊക്കെ പങ്കെടുക്കുന്നവരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ട് മരുന്നുകൾ വിതരണം ചെയ്തിരുന്നത്..
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരു വയൽ മരുന്ന് 500 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നതായും, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1.75 ലക്ഷം രൂപയുടെ മരുന്നുകൾ ഇത്തരത്തിൽ ഓർഡർ ചെയ്ത് വിൽപ്പന നടത്തിയതായും കണ്ടെത്തി. ഇയാൾ മുമ്പ് കഞ്ചാവ് കടത്തിയ കേസിലും പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


പിടിച്ചെടുത്ത മരുന്നുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ശ്രീമതി ജമീല ഹെലൻ ജേക്കബ്, ശ്രീമതി താര എസ്. പിള്ള, ശ്രീമതി ബബിത കെ. വാഴയിൽ എന്നിവരടങ്ങിയ സംഘത്തിന് കൈമാറി.
കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ കെ. എം. സാബു മാത്യു, IPS- ന്റെ നിർദ്ദേശാനുസരണവും, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ശ്രീ വിശാൽ ജോൺസൺ-ന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി. കെ. മനോജ് നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഗോകുൽ ജി, ഷിജു എസ്.എസ്., രംഗനാഥൻ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ സുജിത് എം.വി., രാഹുൽ ബാബു, അരുൺ ബേബി എന്നിവരും പങ്കെടുത്തു.

ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്.ഇത്തരം അനധികൃത മരുന്ന് വിതരണ ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ പരിശോധനകളും നടപടികളും തുടരും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments