'ഞാന്‍ വീണത് ''ബെന്‍സ് ഇടിച്ച്''! - സുരേഷ് ഇട്ടിക്കുന്നേല്‍ ....... 'ഇടിമുഴക്കം പോലെ മുന്നേറി ഇട്ടിക്കുന്നേല്‍ ഞെട്ടിച്ചു ' - മന്ത്രി മോന്‍സ് ജോസഫ് ..... നിയമ സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ 'മനസ്സു തുറന്നത് ' പാലായിലെ വേദിയില്‍



'ഞാന്‍ വീണത് ''ബെന്‍സ് ഇടിച്ച്''!  - സുരേഷ് ഇട്ടിക്കുന്നേല്‍ .......
'ഇടിമുഴക്കം പോലെ മുന്നേറി ഇട്ടിക്കുന്നേല്‍ ഞെട്ടിച്ചു ' - മന്ത്രി മോന്‍സ് ജോസഫ് ..... നിയമ സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ 'മനസ്സു തുറന്നത് ' പാലായിലെ വേദിയില്‍ 



സുനില്‍ പാലാ

കടുത്തുരുത്തി മണ്ഡലത്തില്‍ താന്‍ വീണത് ''ബെന്‍സ് ഇടിച്ചാ''ണെന്ന് എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍; അതൊന്നുമല്ല കാര്യം ഇടിമുഴക്കം പോലെ മുന്നേറി ഇട്ടിക്കുന്നേല്‍ തന്നെ ഞെട്ടിച്ചൂവെന്ന് മന്ത്രി മോന്‍സിന്റെ വെളിപ്പെടുത്തല്‍.

ഇന്നലെ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഇട്ടിക്കുന്നേലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന മോന്‍സ് ജോസഫും പരസ്പരം തെരഞ്ഞെടുപ്പുകാലത്തിന്റെ മനസ്സ് തുറന്നത്. 

''പണ്ട് കെ. എം .മാണി സാറിനോട് തോറ്റപ്പോള്‍ ഉഴവൂര്‍ വിജയന്‍  പറഞ്ഞതുപോലെ ഓട്ടോറിക്ഷാ ഇടിച്ചല്ല ഞാന്‍ വീണത്, മോന്‍സ് എന്ന വലിയ ബെന്‍സ് ഇടിച്ചാണ് ഞാന്‍ വീണത് എന്നത് എനിക്ക് അഭിമാനവും സന്തോഷവും നല്‍കുന്നു'' സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയ സുരേഷ് ഇട്ടിക്കുന്നേല്‍ തുറന്നു പറഞ്ഞു.  

''സുരേഷ് പറഞ്ഞതല്ല കാര്യം, സത്യത്തില്‍ സുരേഷിന്റെ മത്സരവരവ് എന്നെയും യു.ഡി.എഫിനെയും ഞെട്ടിക്കുകയാണ് ചെയ്തത്. ഇടിമുഴക്കംപോലെ പ്രചരണ രംഗത്ത് ഇട്ടിക്കുന്നന്‍ മുന്നേറിയപ്പോള്‍ ഞാന്‍ ഒന്നു വിറച്ചുപോയി എന്നത് സത്യമാണ്. എന്നാല്‍ ജനങ്ങള്‍ എന്റെകൂടെ നിന്നതോടെ വിജയം എനിക്കായി''. സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ചിരിച്ചുകൊണ്ട് മന്ത്രി മോന്‍സ് ജോസഫ് ''തെരഞ്ഞെടുപ്പ് രഹസ്യം'' പരസ്യമാക്കി.  തെരഞ്ഞെടുപ്പ് വേളയിലൊന്നും അനാവശ്യമായ ഒരു വാക്കും എതിര്‍സ്ഥാനാര്‍ത്ഥികളെക്കുറിച്ച് സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞില്ലായെന്നുള്ളത് അദ്ദേഹത്തിന്റെ മാന്യതയുടെയും സംസ്‌കാരത്തിന്റെയും തെളിവാണെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും മന്ത്രിയായതിന് ശേഷവും താന്‍ വെള്ളാപ്പള്ളി നടേശനെ പോയി കണ്ട് അനുഗ്രഹം തേടിയിരുന്നുവെന്നും മന്ത്രി മോന്‍സ് ജോസഫ് വെളിപ്പെടുത്തി. പ്രീതി നടേശനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments