മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തി വൻ വിള്ളൽ; പഴയമുന്നാർ സി.എസ്.ഐ പള്ളിയും വൈദിക മന്ദിരവും അപകടാവസ്ഥയിൽ




 കനത്ത മഴ തുടരുന്നതിനിടെ മൂന്നാറിൽ മലയോര മേഖലയെയാകെ ഭീതിയിലാഴ്ത്തി ഭൂമിയിൽ വൻ വിള്ളൽ രൂപപ്പെട്ടു. പഴയമുന്നാർ സിഎസ്ഐ. പള്ളിക്ക് സമീപമാണ് അതീവ ഗുരുതരമായ രീതിയിൽ മണ്ണിൽ വലിയ പിളർപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൻതോതിലുള്ള മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതി നാൽ പ്രദേശത്ത് റവന്യൂ അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 
 കൊച്ചി–ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന മേഖലയ്ക്ക് തൊട്ടുമുകളിലായാണ് ഈ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ ഭാഗത്ത് ദേശീയപാത വീതികൂട്ടൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണ്. 


വിള്ളൽ വീണ ഭാഗത്ത് നിന്നും മണ്ണിടിച്ചിൽ ഉണ്ടായാൽ അത് താഴെയുള്ള ദേശീയപാതയിലേക്ക് നേരിട്ട് പതിക്കാൻ വലിയ സാധ്യതയുണ്ട്. ഇത് നിർമ്മാണ തൊഴിലാളികൾക്കും യാത്രക്കാർക്കും വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. 

 സബ് കളക്ടർ സ്ഥലം സന്ദർശിച്ചു; 

അടിയന്തര റിപ്പോർട്ട്  റോഡിലെ വിള്ളൽ മൂലം മലയോര മേഖലയിൽ വൻ ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ദേവികുളം സബ് കളക്ടർ വിള്ളൽ രൂപപ്പെട്ട പഴയമൂന്നാറിലെ പ്രദേശം നേരിട്ടെത്തി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


നിർമാണത്തിലെ അപാകതകളാണോ അതോ ഭൂമിയുടെ ഘടനാപരമായ മാറ്റമാണോ വിള്ളലിന് കാരണമെന്ന് പരിശോധിച്ച ശേഷം സബ് കളക്ടർ ഇടുക്കി ജില്ലാ ഭരണകൂടത്തിന് അടിയന്തര റിപ്പോർട്ട് സമർപ്പിക്കും.വിള്ളലിന്റെ ആഴം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലൂടെയുള്ള വൺവേ സംവിധാനമോ അല്ലെങ്കിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് നിയന്ത്രണമോ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. 


 നിർമാണ അപാകതയെന്ന് ആക്ഷേപം; പ്രദേശത്ത് ജാഗ്രത 

ദേശീയപാത വികസനത്തിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സംരക്ഷണ ഭിത്തികൾ കെട്ടാതെയും മണ്ണെടുത്തതാണ് പള്ളിക്കും സമീപത്തെ വീടുകൾക്കും ഭീഷണിയായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് പോലീസ്, റവന്യൂ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ജാഗ്രത തുടരുകയാണ്. അപകടമേഖലയിലുള്ള ആളുകളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾക്കും റോഡിലെ വിള്ളൽ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments