ഇനി രാമശീലുകള്‍ ഉയരും, നാലമ്പലങ്ങള്‍ ഉണരും.... രാമപുരം നാലമ്പലങ്ങളില്‍ ഭക്തരെ വരവേല്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി




സുനില്‍ പാലാ

ഇനി രാമശീലുകള്‍ ഉയരും, നാലമ്പലങ്ങള്‍ ഉണരും. രാമപുരം നാലമ്പലങ്ങളില്‍ ഭക്തരെ വരവേല്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു.


നാലമ്പലദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നുള്ള വിശ്വാസമാണ് കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് 3 കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയംകൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കുമുമ്പ് ദര്‍ശനം നടത്തുവാന്‍ ഇവിടെ സാധിക്കും.

ഈ മാസം 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നാലമ്പല തീര്‍ത്ഥാടനം നടത്തുന്നത്.  രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പുലം ശ്രീ ലക്ഷമണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീ ഭരതസ്വാമിക്ഷേത്രത്തിലും, മേതിരി ശ്രീ ശത്രുഘന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശനം നടത്തുന്നതോടെയാണ് നാലമ്പലദര്‍ശനം പൂര്‍ണ്ണമാകുന്നത്.

നാല് ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളീക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഭക്തഹനുമാന്‍ സ്വാമി ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്.

ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ പുണ്യ പുരാതന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നാലമ്പല ദര്‍ശനക്കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീര്‍ത്ഥാടകരെ വരവേല്‍ക്കുവാനും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് നാലമ്പല ദര്‍ശന കമ്മറ്റി പി.ആര്‍.ഒ. കെ.കെ. വിനു കൂട്ടുങ്കല്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് മഴ നനയാതെ ക്യൂ നില്‍ക്കുന്നതിന് പന്തല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗിന് വിപുലമായ സൗകര്യം കൂടുതലായി ഒരുക്കിയിട്ടുണ്ട്. വോളന്റീയര്‍മാരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ഉണ്ട്. അമനകര ഭരതസ്വാമിക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. കര്‍ക്കിടക മാസത്തില്‍ ദര്‍ശനസമയം രാവിലെ 5 മണി മുതല്‍ ഉച്ചക്ക് 12 മണി വരേയും വൈകിട്ട് 5 മുതല്‍ 7.30 വരേയും ആയിരിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments