ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനിടെയാണ് ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്.
സ്വർണക്കിരീടത്തിന് പകരം അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടക്കിരീടമാണ് സ്‌ട്രോങ് റൂമിൽ കണ്ടെത്തിയത്. 2012 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ഈ കിരീടം ശബരിമലയിൽ സമർപ്പിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഭക്തർ ചിങ്ങപ്പുലരിയിൽ നടതുറന്ന ഓഗസ്റ്റ് 17-നാണ് കിരീടം നടയ്ക്കുവെച്ചത്. ഇതിന് ദേവസ്വം ബോർഡ് രസീത് നൽകിയിരുന്നതായും രേഖകളിലുണ്ട്.
ഭക്തർ സമർപ്പിച്ച സമയത്ത് കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാം എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്‌ട്രോങ് റൂമിൽ കണ്ടെത്തിയ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. വജ്രത്തിന് സമാനമായി തോന്നിക്കുന്ന വെള്ളക്കല്ലുകളും മുക്കുപണ്ടക്കിരീടത്തിൽ പതിച്ചിട്ടുണ്ട്. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയശേഷമാണ് കിരീടം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്.
സാധാരണയായി ശബരിമലയിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ താത്കാലികമായി സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചശേഷം ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണ്. എന്നാൽ ഈ കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ലെന്നാണ് വിവരം. കിരീടം പിന്നീട് എപ്പോഴാണ് മാറ്റിയതെന്നും യഥാർഥ സ്വർണക്കിരീടത്തിന് എന്ത് സംഭവിച്ചുവെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ്.
സന്നിധാനത്തെ സ്‌ട്രോങ് റൂമിന് നിലവിൽ സി.സി.ടി.വി. നിരീക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട് കർശനമായ നടപടിക്രമങ്ങളാണ് നിലവിലുള്ളത്. പകൽ സമയത്ത് മാത്രമേ റൂം തുറക്കാൻ പാടുള്ളൂ. താക്കോൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശമാണ്. എക്സിക്യുട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് റൂം തുറക്കേണ്ടത്. തുറക്കുന്ന സമയം മുതൽ അടയ്ക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും മഹസറിൽ രേഖപ്പെടുത്തണം. ദേവസ്വം ഗാർഡും ഒപ്പമുണ്ടാകണമെന്നാണ് ചട്ടം.
ഇതിനിടെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിൽനിന്നും നാലുപവൻ തൂക്കമുള്ള സ്വർണമാല കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്ക്രമക്കേട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. കണക്കെടുപ്പ് അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
70 12 23 03 34




0 Comments