വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി ജനം; പാലാ ഇലക്ട്രിക്കൽ സെക്ഷന് 'ജനദ്രോഹപട്ടം' നൽകാൻ ഫൗണ്ടേഷൻ


വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി ജനം; പാലാ ഇലക്ട്രിക്കൽ സെക്ഷന് 'ജനദ്രോഹപട്ടം' നൽകാൻ ഫൗണ്ടേഷൻ

 കൊച്ചിടപ്പാടി, കവീക്കുന്ന്, മൂന്നാനി മേഖലകളിൽ വർഷങ്ങളായി തുടരുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനും നിരന്തരമായ വൈദ്യുതി തകരാറുകൾക്കും ശാശ്വത പരിഹാരം കാണാത്ത പാലാ ഇലക്ട്രിക്കൽ സെക്ഷൻ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് വൈദ്യുതി വകുപ്പിന്റെ പാലാ ഇലക്ട്രിക്കൽ സെക്ഷന് 'ജനദ്രോഹപട്ടം' നൽകാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചു.

മഴ പെയ്യുകയോ കാറ്റടിക്കുകയോ ചെയ്താൽ ഉടൻ വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയാണ് ഈ മേഖലകളിലുള്ളതെന്ന് ഫൗണ്ടേഷൻ ആരോപിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ പലപ്പോഴും അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നു. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ യാതൊരു ഗൗരവമായ നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതികൾ നൽകിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.



രോഗികൾ, വിദ്യാർത്ഥികൾ, പ്രായമായവർ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങളാണ് വൈദ്യുതി വകുപ്പിന്റെ അനാസ്ഥമൂലം ദുരിതത്തിലാകുന്നത്. കടുത്ത വോൾട്ടേജ് ക്ഷാമവും ഇടയ്ക്കിടെയുണ്ടാകുന്ന വോൾട്ടേജ് വ്യതിയാനവും മൂലം ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യമുണ്ട്. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികൾ ഉണ്ടാകുന്നില്ല.

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുക, ടച്ചിംഗ് വെട്ടിന്റെ പേരിൽ മണിക്കൂറുകളോളം വിതരണം തടസ്സപ്പെടുത്തുക, അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി മുടക്കുക തുടങ്ങിയവയും പതിവായിരിക്കുകയാണ്. ബന്ധപ്പെട്ട ട്രാൻസ്ഫോമറുകളുടെ പരിധിക്ക് പുറത്തുള്ള വൈദ്യുതി തകരാറുകൾ ഉണ്ടായാലും ഈ പ്രദേശങ്ങളിലെ വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടെന്നും പരാതിയുണ്ട്.

ഇന്നലെ (22/11/2026) രാവിലെ ഈ മേഖലകളിലെ വൈദ്യുതി വിതരണം നിലച്ചിട്ട് എട്ടു മണിക്കൂറിലേറെ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. നിരന്തരമായ വൈദ്യുതി തടസ്സങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തൊഴിൽ, പഠന, ആരോഗ്യപരിചരണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുകയാണ്.

വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ഒരു താൽക്കാലിക സാങ്കേതിക പ്രശ്നമായി കണ്ട് ഓരോ തവണയും അറ്റകുറ്റപ്പണികൾ നടത്തി മടങ്ങുന്ന രീതിക്ക് പകരം, തകരാറുകളുടെ യഥാർഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണാൻ വൈദ്യുതി വകുപ്പ് തയ്യാറാകണം. ജനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

വൈദ്യുതി തകരാറുകൾക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണാത്തപക്ഷം ശക്തമായ ജനകീയ സമരപരിപാടികൾ ആരംഭിക്കുമെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments