ഉത്സവാന്തരീക്ഷത്തിൽ പാലാ തെക്കേക്കരയിൽ കുമാരനാശാൻ പൂർണകായ പ്രതിമയ്ക്ക് തറക്കല്ലിട്ടു
സുനിൽ പാലാ
പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പാലാ തെക്കേക്കര കുമാരനാശാൻ സ്മാരക ചിൽഡ്രൻസ് പാർക്കിന് മുൻവശത്ത് മഹാകവി കുമാരനാശാന്റെ പൂർണകായ പ്രതിമ നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടന്നു. പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
ചടങ്ങിന് മുന്നോടിയായി തെക്കേക്കര എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പ്രാർത്ഥനകൾ നടന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക മഹോത്സവദിനത്തിലാണ് ശിലാസ്ഥാപനം നടന്നത്. ഇതോടെ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചടങ്ങ് ഉത്സവത്തിന്റെ ഇരട്ടിമധുരമായി മാറി.
തെക്കേക്കരയിലെ കുമാരനാശാൻ സ്മാരക പാർക്കിന് മുൻവശത്താണ് പ്രതിമ സ്ഥാപിക്കുന്നത്. നഗരസഭ അനുവദിച്ച എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം അതിവേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്ന് നഗരസഭാ അധികാരികൾ അറിയിച്ചു.
യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ സനിൽ രാഘവൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
മഹാകവി കുമാരനാശാന്റെ സാമൂഹിക നവോത്ഥാന സംഭാവനകളും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. തെക്കേക്കരയിൽ ഉയരുന്ന പൂർണകായ പ്രതിമ വരുംതലമുറയ്ക്ക് നവോത്ഥാന ചരിത്രം ഓർമ്മപ്പെടുത്തുന്ന സാംസ്കാരിക അടയാളമായി മാറുമെന്നും പ്രസംഗകർ പറഞ്ഞു.
ചടങ്ങിൽ മുൻ നഗരസഭ ചെയർപേഴ്സൻമാരായ ദിയ ബിനു പുളിക്കക്കണ്ടം, ജോസിൻ ബിനോ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ, അഡ്വ. ബിനു പുളിക്കക്കണ്ടം , ഷാജു തുരുത്തൻ, സെബാസ്റ്റ്യൻ പനയ്ക്കൽ, റോയ് ഫ്രാൻസിസ്, ബിജു പുളിക്കക്കണ്ടം ,
ജിജി ബൈജു കൊല്ലംപറമ്പിൽ, റൂബി ആൻ്റോ , രജിത പ്രകാശ്, ലിസികുട്ടി മാത്യു, ബിജി ജോജോ എന്നിവർ പങ്കെടുത്തു.
എസ്.എൻ.ഡി.പി ശാഖാ നേതാക്കളായ ഷിബു കല്ലറക്കൽ, എസ്. ജയകുമാർ, ജോഷി പരമല, പ്രതിമയുടെ ശിൽപ്പി രാജീവ്, ബി.ജെ. പി നേതാവ് ഷോൺ ജോർജ് തുടങ്ങിയവരും പ്രസംഗിച്ചു. മഹാകവിയുടെ സ്മരണയ്ക്ക് ആദരമായി ഉയരുന്ന ഈ പ്രതിമ തെക്കേക്കരയുടെ സാംസ്കാരിക അഭിമാനത്തിന്റെ പുതിയ അടയാളമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി
70 12 23 03 34





0 Comments