പാലാ തെക്കേക്കരയിൽ കുമാരനാശാൻ്റെ പ്രതിമ തറക്കല്ലിടീൽ വേദിയിൽ "രാഷ്ട്രീയം കവിത ചൊല്ലി!......" കൊണ്ടും കൊടുത്തും കൗൺസിലർമാർ , എല്ലാം ആസ്വദിച്ച് സദസ്സും .... "വിതച്ചവൻ കൊയ്യുന്നില്ല" മുതൽ "ഉദ്ഘാടനം ആരാണ് ചെയ്യുക"' വരെ തെക്കേക്കര വേദിയിൽ കുത്തും കൗണ്ടറും; സദസ് ചിരിച്ചും കയ്യടിച്ചും സദസ്സും
സുനിൽ പാലാ
മഹാകവി കുമാരനാശാന്റെ പൂർണകായ പ്രതിമയ്ക്ക് തറക്കല്ലിടാൻ ഒരുക്കിയ വേദി ഒടുവിൽ കുമാരനാശാന്റെ കവിതകളേക്കാൾ പാലാ നഗരസഭയുടെ "തത്സമയ രാഷ്ട്രീയ നാടകം" അവതരിപ്പിച്ച വേദിയായി മാറി. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭക്തിനിർഭര അന്തരീക്ഷത്തിൽ തുടങ്ങിയ ചടങ്ങ്, മൈക്ക് കൈമാറിയതോടെ "ആരാണ് വിതച്ചത്, ആരാണ് കൊയ്യുന്നത്?" എന്ന ചോദ്യത്തിന് ഉത്തരമന്വേഷിക്കുന്ന പൊതുസമ്മേളനമായി രൂപംമാറി.
നഗരസഭയുടെ എട്ട് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പ്രതിമയെക്കുറിച്ച് സംസാരിക്കവെയാണ് കൗൺസിലർ ബിനു പുളിക്കക്കണ്ടം പേരെടുത്ത് പറയാതെ രാഷ്ട്രീയത്തിന്റെ പഞ്ചസാര പുരട്ടിയ കുത്ത് വിളമ്പിയത്.
"ബൈബിളിൽ ഒരു വചനമുണ്ട്... വിതയ്ക്കുന്നവൻ കൊയ്യുന്നില്ല."
ഈ വചനത്തോടെ തുടങ്ങിയ പ്രസംഗം പിന്നീട് നേരെ പ്രതിമയുടെ ഉദ്ഘാടന കാര്യത്തിലേക്ക് കടന്നു. ആറുമാസത്തിനുള്ളിൽ പ്രതിമ പൂർത്തിയാകട്ടെ, അല്ലെങ്കിൽ ഉദ്ഘാടനം ചെയ്യാൻ "വേറെ ചെയർപേഴ്സൺ വരേണ്ടി വന്നേക്കാം" എന്ന പരിഹാസവും ഒപ്പം. വേദിയിലിരുന്നവരിൽ ചിലർ ചിരിച്ചു, ചിലർ മുഖം നോക്കി, ചിലർ ഉദ്ഘാടനത്തിൻ്റെ "ഭാവി" മനസ്സിൽ കണ്ടു.
അതോടെ കാര്യങ്ങൾ തീർന്നില്ല. സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ പ്രകടനപത്രികയിലെ ആദ്യ വാഗ്ദാനം തന്നെയായിരുന്നു ഈ പ്രതിമയെന്നും ബിനു ഓർമ്മിപ്പിച്ചു. പിന്നാലെ മറ്റൊരു ഒളിയമ്പ് കൂടി.
"ശ്രീനാരായണീയരുടെ വോട്ടുകൊണ്ട് മാത്രം ജയിച്ച ഒരു കൗൺസിലർ അത് തുറന്ന് പറയാൻ തയ്യാറാകുന്നില്ല..."
ആ അമ്പ് ആരുടെ നേരെയായിരുന്നു എന്ന ചോദ്യത്തിന് വേദിയിൽ മൈക്കിനേക്കാൾ കൂടുതൽ ജോലി ചെയ്തത് സദസ്സിലെ കണ്ണുകളായിരുന്നു. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയവരും, "ഇത് ആർക്കുള്ളതാണ്?" എന്ന് അയൽസീറ്റുകാരനോട് ചോദിച്ചവരും കുറവായിരുന്നില്ല.
ചെയർപേഴ്സൻ്റെ പ്രസംഗം കഴിഞ്ഞപ്പോഴാണ് കുത്തും കൗണ്ടറും വന്നത്
രസകരമായത്, ഈ കുത്തെല്ലാം എത്തിയത് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കി ഇരുന്ന ശേഷമായിരുന്നു. അതുകൊണ്ട് വേദിയിൽ ഉടനടി റിട്ടേൺ ഫയർ ഉണ്ടായില്ല.
പക്ഷേ മൈക്ക് വെറുതെ കിടക്കില്ലല്ലോ.
മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ എഴുന്നേറ്റതോടെ വേദിയിൽ "കൗണ്ടർ അറ്റാക്ക്" തുടങ്ങി.
"തറക്കല്ലിട്ടത് മായാ രാഹുലാണെങ്കിൽ ഉദ്ഘാടനം ചെയ്യാനും മായാ രാഹുൽ തന്നെയെത്തും. ആർക്കും ആശങ്ക വേണ്ട."
അത്രയേ പറഞ്ഞുള്ളൂ. ബാക്കി പറഞ്ഞത് സദസ്സിലെ ചിരിയും കയ്യടിയും. ഒരു നിമിഷം പ്രതിമയുടെ ഉദ്ഘാടന തീയതിയേക്കാൾ കൗണ്ടറിന്റെ ടൈമിങ്ങാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
ക്രെഡിറ്റ് പങ്കിട്ട ബിജു
അതിനിടെ നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിൽ മൈക്കിനരികിലെത്തി. വേദിയിലെ ചൂട് അളന്നശേഷമാകാം, "ഈ പ്രതിമയുടെ പിന്നിൽ ഇപ്പോഴുള്ളവരുടെയും മുൻകാല നഗരസഭാ നേതൃത്വത്തിന്റെയും കൂട്ടായ പരിശ്രമമുണ്ട്" എന്ന മധ്യസ്ഥവാക്ക് പറഞ്ഞു.....
അതോടെ "ക്രെഡിറ്റ്" എന്ന പന്ത് വീണ്ടും വായുവിലായി. പക്ഷേ ആരും അത് നിലത്തിടാൻ തയ്യാറായില്ല.
ഒടുവിൽ ഷോൺ ജോർജിൻ്റെ തത്വ ചിന്ത ഏറ്റു .....
നമ്മളെല്ലാം ഇന്നല്ലെങ്കിൽ നാളെ പോകേണ്ടവർ ..... അപ്പോഴും ഈ ഗുരുദേവനും കുമാരനാശാൻ പ്രതിമയും ഗുരുമന്ദിരവുമൊക്കെ ഇവിടെ കാണും ....
50 വർഷം കഴിയുമ്പോ വേറൊരു തലമുറ ഇവിടെ സമ്മേളിക്കും ..... അന്ന് നമ്മളിൽ പലരും ഉണ്ടാവില്ല ..... പിന്നെ ആര് തറക്കല്ലിട്ടാലെന്ത് ? ആര് ഉദ്ഘാടനം നടത്തിയാലെന്ത് .... ഷോൺ പങ്കുവെച്ച തത്വ ചിന്ത കുത്തുകാർക്ക് ഒരു കുത്തായി .... പ്രശ്‌നം സോൾവ്ഡ് !!!
ദിയയുടെ ഓർമ്മ... റോയിയുടെ പ്രഖ്യാപനം
മുൻ ചെയർപേഴ്സൺ ദിയ ബിനു, തന്റെ ആദ്യ പൊതുപ്രസംഗം തെക്കേക്കര എസ്.എൻ.ഡി.പി ശാഖയുടെ വേദിയിലായിരുന്നുവെന്ന് ഓർത്തപ്പോൾ ചടങ്ങിന് ഒരു വൈകാരിക ഇടവേള ലഭിച്ചു.
അതിനു പിന്നാലെ കൗൺസിലർ റോയ് ഫ്രാൻസിസ് മറ്റൊരു പ്രഖ്യാപനവുമായി എത്തി. കുമാരനാശാൻ സ്മാരക പാർക്കിനോട് ചേർന്ന് വായനശാലയും കുമാരനാശാൻ പഠനകേന്ദ്രവും ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വേദിയിൽ അത് കേട്ട ചിലർ തമാശയായി പറഞ്ഞു—"പഠനകേന്ദ്രം വന്നാൽ ഇന്നത്തെ പ്രസംഗങ്ങളും ഒരിക്കൽ പഠനവിഷയമാകും!"
ഒടുവിൽ...
ശില്പി രാജീവ് കൊത്തേണ്ടത് കല്ലായിരുന്നു. പക്ഷേ വേദിയിലെ പ്രസംഗകർ കൊത്തിയത് രാഷ്ട്രീയ വരികളായിരുന്നു.
70 12 23 03 34



0 Comments