സുനില്‍ പാലാ
പാലാ നഗരസഭ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പിന് ഇനി നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ നഗരവികസന മുന്നണിയില്‍ ഉള്‍പ്പെടുന്ന വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള പേര് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍ കര്‍ശന നിലപാടുമായി നഗരവികസന മുന്നണിയിലെ ഇടതു കൗണ്‍സിലര്‍മാര്‍ രംഗത്ത്.
ഇന്ന് വൈകുംമുമ്പ് കൃത്യമായ തീരുമാനം അറിയിക്കണമെന്ന് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍.
വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബിജു മാത്യുസും ടോണി തൈപ്പറമ്പിലും വൈസ് ചെയര്മാന് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ നിന്ന് ഇതുവരെ പിന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ന് തന്നെ ഏകാഭിപ്രായത്തിലെത്തി ഒരു പേര് അറിയിക്കണമെന്ന് നഗരവികസന മുന്നണിയിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതായാണ് സൂചന.
ഇന്ന് ഇരുവരും തമ്മില്‍ ധാരണയിലെത്തി ഇതില്‍ ഒരാളെ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കാത്തപക്ഷം ആ സ്ഥാനം ഇടതുമുന്നണി ഏറ്റെടുത്തേക്കും. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അനിശ്ചിതത്വം തുടരാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് നഗരവികസന മുന്നണിയിലെ ഘടകകക്ഷികള്‍.
തര്‍ക്കം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട നഗരവികസന മുന്നണിക്കുള്ളില്‍ വൈസ് ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള വടംവലി ഇതുവരെ അവസാനിച്ചിട്ടില്ല. വിമത കോണ്‍ഗ്രസ് പ്രതിനിധികളായ ബിജു മാത്യുസും ടോണി തൈപ്പറമ്പിലും തങ്ങളാണ് ആ സ്ഥാനത്തിന് അര്ഹരെന്ന നിലപാടിലാണ് തുടരുന്നത്. പലവട്ടം നാല് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് ചര്‍ച്ച നടത്തിയെങ്കിലും ബിജുവും ടോണിയും ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടല്ല.
പാര്‍ട്ടി ചര്‍ച്ചകള്‍ക്കും സമയം വേണം
വിമത കോണ്‍ഗ്രസുകാര്‍ ഇന്ന് തന്നെ സ്ഥാനാര്‍ഥിയുടെ പേര് അറിയിച്ചാലും അത് ഇടതുമുന്നണിയിലെയും ഘടകകക്ഷികളിലെയും ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് നഗരവികസന മുന്നണിയെ നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാരുടെ നിലപാട്. പാര്‍ട്ടിതല അംഗീകാരവും മുന്നണി തീരുമാനം കൂടി പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമായതിനാലാണ് ഇനി വൈകാന്‍ കഴിയില്ലെന്ന സന്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നത്തെ നീക്കം നിര്‍ണായകം
സെപ്റ്റംബര്‍ 16-ന് നടക്കുന്ന വൈസ് ചെയര്മാന് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നത്തെ ചര്‍ച്ചകള്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിമത കോണ്‍ഗ്രസുകാര്‍ ഏകാഭിപ്രായത്തിലെത്തുമോ, അതോ ഇടതുമുന്നണി സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമോ എന്നതാണ് നഗരരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.
.jpg)


0 Comments