പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഇനി കൂടുതൽ പണം നൽകണം. പുതിയ കണക്‌ഷനുകളുടെ ഫീസ് കുത്തനെ ഉയർത്തി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.
ചില വിഭാഗങ്ങളിൽ ഫീസ് മൂന്നിരട്ടിയോളം വർധിക്കും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിരക്ക് ഘടനയിൽ പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമായ കണക്‌ഷനുകൾക്കും അവ ആവശ്യമില്ലാത്ത കണക്‌ഷനുകൾക്കും 200 മീറ്റർ പരിധിക്കുള്ളിൽ ഒരേ നിരക്കായിരിക്കും. നേരത്തെ ഇരു വിഭാഗങ്ങൾക്കും വ്യത്യസ്ത നിരക്കുകളായിരുന്നു.
കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ കണക്‌ഷൻ ഫീസ് അടയ്ക്കാനും സാധിക്കും. നിലവിൽ കെ.എസ്.ഇ.ബി. ആവശ്യമായ ചെലവ് കണക്കാക്കിയ ശേഷമാണ് പല കേസുകളിലും ഫീസ് ഈടാക്കിയിരുന്നത്.
ഗാർഹിക കണക്‌ഷനും ചെലവേറും
രണ്ട് കിലോവാട്ട് വരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി 2,000 രൂപയാണ് നൽകേണ്ടത്. നിലവിൽ അഞ്ച് കിലോവാട്ട് വരെയുള്ള കണക്‌ഷന് 1,740 രൂപയായിരുന്നു ഫീസ്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള കണക്‌ഷന് പുതിയ നിരക്ക് 5,000 രൂപയായി.
ഗാർഹികേതര കണക്‌ഷനുകൾക്കും ഫീസ് വർധിച്ചിട്ടുണ്ട്.
ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.ത്രീഫെയ്‌സ് കണക്‌ഷനിലും വൻ വർധന. ത്രീഫെയ്‌സ് കണക്‌ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസും ഉയരും. അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെയുള്ള കണക്‌ഷന് 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെയുള്ളതിന് 10,000 രൂപയുമാകും.
നിലവിൽ അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള ത്രീഫെയ്‌സ് കണക്‌ഷന് 4,220 രൂപയായിരുന്നു ഫീസ്.എൽ.ടി. ത്രീഫെയ്‌സ് വിഭാഗത്തിലാണ് ഏറ്റവും ശ്രദ്ധേയമായ വർധന. നിലവിൽ 10 മുതൽ 25 കിലോവാട്ട് വരെ 14,420 രൂപയായിരുന്ന ഫീസ് പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപയായി. ഇതനുസരിച്ച് 25 കിലോവാട്ട് കണക്‌ഷന് 39,000 രൂപ നൽകേണ്ടിവരും.30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപയും 50 മുതൽ 100 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 5,670 രൂപയുമാണ് നിരക്ക്. 50 കിലോവാട്ടിന് 2.11 ലക്ഷം!പുതിയ നിരക്ക് പ്രകാരം 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്‌ഷന്റെ ഫീസ് വൻതോതിൽ ഉയരും.
നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ നൽകേണ്ടിവരും. ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമറോ മറ്റ് അനുബന്ധ ഉപകരണങ്ങളോ ആവശ്യമായി വന്നാലും അവയ്ക്കായി പ്രത്യേക തുക ഈടാക്കില്ലെന്നാണ് പുതിയ നിരക്ക് ഘടനയിലെ വ്യവസ്ഥ.
അതേസമയം, വൈദ്യുതി ലൈനിൽനിന്ന് 200 മീറ്ററിലധികം അകലെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായി വരുന്ന കണക്‌ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഇവയുടെ നിരക്കും രണ്ട് മാസത്തിനകം പരിഷ്‌കരിച്ച് ശുപാർശ സമർപ്പിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്‌സ് കണക്‌ഷൻ ത്രീഫെയ്‌സാക്കി മാറ്റുന്നതിനും പുതിയ ഫീസ് ബാധകമാണ്. ഇതിനായി കിലോവാട്ടിന് 700 രൂപയാണ് നൽകേണ്ടത്.
70 12 23 03 34




0 Comments