പാലാ സബ് ജയിലില്‍ നിന്നുള്ള മാലിന്യവെള്ളം റോഡിലേക്ക്, പരാതി പറഞ്ഞിട്ടും കാര്യമില്ല, തുണി കഴുകുന്ന വെള്ളമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍



സുനില്‍ പാലാ


പാലാ സബ് ജയിലില്‍ നിന്ന് ടി.ബി. റോഡിലേക്ക് ദിവസേന മാലിന്യവെള്ളം ഒഴുകിയെത്തുന്നത് കാല്‍നടയാത്രക്കാര്‍ക്കും ക്ഷേത്രങ്ങളിലേക്കുള്ള ഭക്തര്‍ക്കും കടുത്ത ദുരിതമാകുന്നതായി പരാതി.

ആല്‍ത്തറ ശ്രീ രാജരാജഗണപതി ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിവസവും എത്തുന്ന നിരവധി ഭക്തരും മിനി സിവില്‍സ്റ്റേഷനിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്ന പൊതുജനവും ഈ മലിനജലത്തിലൂടെ നടന്നാണ് കടന്നുപോകേണ്ടി വരുന്നത്.  

ജയിലില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ആല്‍ത്തറ ശ്രീ രാജരാജഗണപതി ക്ഷേത്രത്തിന് മുന്നിലെ റോഡിലെ കുഴികളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനവെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നു. മഴക്കാലത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡിലൂടെ സഞ്ചരിക്കുക പോലും ദുഷ്‌കരമായിരിക്കുകയാണ്.

പ്രദേശവാസികളും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പലതവണ ജയില്‍ അധികൃതരോടും പാലാ നഗരസഭ അധികാരികളോടും പരാതിപെട്ടിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
നഗരസഭയുടെ ആരോഗ്യവിഭാഗം ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണെന്ന് ഭക്തര്‍ കുറ്റപ്പെടുത്തുന്നു. മലിനജലം റോഡിലേക്ക് ഒഴുകുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതാണെന്നും ഇത്തരത്തിലുള്ള മാലിന്യപ്രശ്നങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനതലത്തില്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ പാലായിലെ ഈ പ്രശ്നത്തിലും അടിയന്തര ഇടപെടല്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.


ഇത് തുണി കഴുകുന്ന വെള്ളം, തത്ക്കാലം പരിഹാരമില്ല - നഗരസഭാ ആരോഗ്യവിഭാഗം

തുണി കഴുകുന്ന വെള്ളമാണ് ഓവര്‍ഫ്ളോ ചെയ്ത് പുറത്തേയ്ക്ക് ഒഴുകുന്നതെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിതാ പ്രകാശ് ക്ഷേത്രോപദേശക സമിതി ഭാരവാഹികളോട് പറഞ്ഞു. ജയിലില്‍ പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ നടപടികളായിട്ടുണ്ട്. ആ സാഹചര്യത്തില്‍ മാത്രമേ മലിന ജലം ഒഴുക്കുന്നത് തടയാനാകൂ. ഇക്കാര്യത്തില്‍ പലതവണ നഗരസഭാ ആരോഗ്യവിഭാഗം ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് കൈ കഴുകുകയാണ് നഗരസഭാ ആരോഗ്യവിഭാഗം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments