സുനില്‍ പാലാ
പെരുമ്പാമ്പിനെ പിടിച്ചത് പാലാ നഗരഹൃദയത്തില്‍ നിന്ന്,പാലാ നഗരസഭ എം.സി.എഫ് പരിസരം ഇഴജന്തുക്കളുടെ ഭീഷണിയില്‍.
നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടിയ സംഭവം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതര ആശങ്ക ഉയര്‍ത്തുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രത്തിന് ചുറ്റുമായി മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതിനാല്‍ ഇനിയും പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ ഇവിടെ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്ക.
നഗരസഭയുടെ പിന്‍വശത്തേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ദിവസേന നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയിലാണ് എം.സി.എഫ് സ്ഥിതി ചെയ്യുന്നത്. ഇതേ വഴിയിലൂടെയാണ് ജീവനക്കാരും കച്ചവടക്കാരും പൊതുജനങ്ങളും നിരന്തരം സഞ്ചരിക്കുന്നത്. അത്തരമൊരു സ്ഥലത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടേണ്ടിവന്നത് സുരക്ഷാ വീഴ്ചയുടെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രദേശത്ത് മാലിന്യക്കൂമ്പാരങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും കെട്ടിക്കിടക്കുന്നത് പാമ്പുകള്‍ക്ക് ഒളിത്താവളമൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് ഇത്തരം മാലിന്യക്കൂമ്പാരങ്ങളും കുറ്റിക്കാടുകളും പാമ്പുകളെ ആകര്‍ഷിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പ് വിദഗ്ധരും നല്‍കുന്നുണ്ട്.
അതേസമയം, പാലാ നഗരസഭയിലെ ഈ എം.സി.എഫിന് സ്ഥലപരിമിതിയും മാലിന്യം തരംതിരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരത്തെ തന്നെയുണ്ട്. മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നിലവിലുണ്ട്.
എം.സി.എഫ്. പരിസരത്തെ മാലിന്യക്കൂമ്പാരങ്ങള്‍ ഉടന്‍ നീക്കണം.
പെരുമ്പാമ്പിനെ പിടികൂടിയ സാഹചര്യത്തില്‍ എം.സി.എഫ് പരിസരത്തെ മാലിന്യക്കൂമ്പാരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും മുഴുവന്‍ പ്രദേശവും വൃത്തിയാക്കി പാമ്പുകള്‍ ഒളിച്ചിരിക്കാവുന്ന ഭാഗങ്ങള്‍ പരിശോധിക്കണമെന്നും പാലാ ജനകീയ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന വഴിയായതിനാല്‍ അപകടം ഉണ്ടാകുന്നതിന് മുമ്പ് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തുടര്‍ന്നു.



0 Comments