വിദേശയാത്രയ്ക്കായി മലേഷ്യയെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാർ ഇനി യാത്രാ നടപടികളിൽ മാറ്റം വരുത്തേണ്ടിവരും.
2027 ജനുവരി ഒന്നുമുതൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മലേഷ്യയിലേക്ക് നിലവിലുള്ള വിസരഹിത പ്രവേശന സൗകര്യം ലഭിക്കില്ല. ഇതോടെ പുതുവർഷം മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർ മുൻകൂട്ടി വിസ നേടേണ്ടിവരും.
2026 ഡിസംബർ 31 വരെയാണ് ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നിലവിലുള്ളതെന്ന് മലേഷ്യയുടെ ഔദ്യോഗിക വിസാ പോർട്ടൽ വ്യക്തമാക്കുന്നു.
നിലവിൽ വിനോദസഞ്ചാരം, കുടുംബസന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ താമസിക്കാം. 2023 ഡിസംബർ ഒന്നിന് ആരംഭിച്ച ഈ ഇളവ് 2026 അവസാനം വരെ അനുവദിച്ചിട്ടുള്ളതാണ്. കാലാവധി അവസാനിക്കുന്നതോടെ പുതിയ വിസാ നടപടികൾ പാലിച്ചായിരിക്കും യാത്രക്കാർക്ക് മലേഷ്യയിലേക്ക് പ്രവേശിക്കാനാകുക.
എപ്പോൾ മുതൽ വിസയ്ക്ക് അപേക്ഷിക്കാം?
മലേഷ്യയുടെ ഔദ്യോഗിക MyVISA ഓൺലൈൻ പോർട്ടൽ വഴി 2026 ഡിസംബർ ഒന്നുമുതൽ വിസയ്ക്കായി അപേക്ഷിക്കാമെന്നാണ് നൽകിയിരിക്കുന്ന വിവരം. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിസ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകൾ, ഫീസ്, വിസയുടെ കാലാവധി തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ നിർദേശങ്ങൾ ഔദ്യോഗിക പോർട്ടലിൽ പരിശോധിക്കുന്നതും പ്രധാനമാണ്.
ഈ മാറ്റത്തിനു കാരണം?
വിസയില്ലാതെ പ്രവേശിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്ത് ജോലി തേടി മലേഷ്യയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദസഞ്ചാരത്തിനും സാമൂഹിക സന്ദർശനങ്ങൾക്കുമായി അനുവദിച്ചിട്ടുള്ള വിസരഹിത പ്രവേശനം തൊഴിൽ തേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വ്യാജ തൊഴിൽവാഗ്ദാനങ്ങളിൽ വിശ്വസിച്ച് മലേഷ്യയിലെത്തുന്നവർക്ക് പിന്നീട് നിയമവിരുദ്ധമായി രാജ്യത്ത് തുടരേണ്ട സാഹചര്യമുണ്ടാകാമെന്നും ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാർ ചൂഷണം, തടങ്കൽ, നിയമനടപടികൾ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.
യാത്രയ്ക്ക് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2027 ജനുവരി ഒന്നിനോ അതിനുശേഷമോ മലേഷ്യയിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ വിസാ നടപടികൾ നേരത്തേ പൂർത്തിയാക്കണം. വിസയുടെ വിഭാഗം, അപേക്ഷയ്ക്കാവശ്യമായ രേഖകൾ, ഫീസ്, അപേക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മലേഷ്യയുടെ ഔദ്യോഗിക MyVISA പോർട്ടലിൽ പരിശോധിച്ചശേഷം മാത്രം യാത്രാ ബുക്കിങ്ങുകളും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കുന്നതാണ് ഉചിതം.
70 12 23 03 34


0 Comments