ഏറ്റുമാനൂരില്‍ വന്‍ മോഷണം. റിട്ട.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂര്‍ തവളക്കുഴി വൈശാലിയില്‍ കെ.ജി രാജന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാര്‍ വിനോദയാത്ര പോയ സമയത്ത് വീട്ടില്‍ നിന്നും പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.
കഴിഞ്ഞ പത്തിനാണ് വീട്ടുടമയായ രാജനും ഭാര്യയും വിനോദ സഞ്ചാരത്തിനായി പോയത്. ഇവിടെ രണ്ടു പേയിംങ് ഗസ്റ്റുമാരും താമസിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ വീട് വൃത്തിയാക്കാന്‍ എത്തിയ ജോലിക്കാരി പേരൂര്‍ സ്വദേശി ശാന്തമ്മയാണ് മുന്‍വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ഡോഗ് സ്‌ക്വാഡും, വിരലടയാള വിഗദ്ധരും സ്ഥലത്ത് എത്തി. തുടര്‍ന്ന് എറ്റുമാനൂര്‍ എസ്ഐ പ്രശോഭിന്റെ നേതൃത്വത്തില്‍ വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്.
വീടിനുള്ളിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് റിംങ് മോഷണം പോയിട്ടുണ്ട്. പണവും നഷ്ടമായതായാണ് സൂചന. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ വീടിനുള്ളില്‍ പൂര്‍ണമായും വലിച്ചു വാരി ഇടുകയും അരിച്ചു പെറുക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ ഗേറ്റ് തുറക്കാതെ വീടിനുള്ളില്‍ ചാടിക്കടന്നതായാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്നു സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്തു നിന്നും മണം പിടിച്ച പൊലീസ് ട്രാക്കര്‍ ഡോഗ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജില്‍ ബൈപ്പാസ് റോഡിലേയ്ക്ക് ഓടി. അരകിലോമീറ്ററോളം ദൂരം നായ പരിശോധന നടത്തി. ഹാന്‍ഡ്ലര്‍മാരായ എ.എസ്.ഐ അനില്‍കുമാറും, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി.വിഷ്ണുവും ചേര്‍ന്നാണ് നായയുമായി എത്തിയത്. സംഭവത്തില്‍ കേസെടുത്ത് ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



0 Comments