കോട്ടയം ജില്ലയിലെ കിഴക്കന്‍മേഖലയില്‍ ഷഷ്ഠിപൂജയ്ക്ക് ഏറ്റവു പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാല്‍ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ച ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം.
ഓരോ വര്‍ഷത്തെയും ഷഷ്ഠിവ്രത ആരംഭം കുറിക്കുന്നത് സ്‌കന്ദഷഷ്ഠിനാളിലാണ്. ഇത്തവണ ഇത് ഒക്‌ടോബര്‍ 30 നാണ്. ഇടപ്പാടി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആരംഭത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഗുരുപാദങ്ങളില്‍ വെറ്റിലയും അടയ്ക്കയും ഒരു നാണയവും ചേര്‍ത്ത് കാണിക്ക സമര്‍പ്പിച്ച ശേഷമാണ് ഇവിടെ സ്‌കന്ദഷഷ്ഠിവ്രതം ആരംഭിക്കുന്നത്.
ഗുരുദേവന്‍ ഇടപ്പാടിയില്‍ എഴുന്നള്ളിയപ്പോള്‍ ഇരുന്ന കസേര ഇപ്പോഴും ഇടപ്പാടി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ കെടാവിളക്കിനെ സാക്ഷിയാക്കി സംരക്ഷിച്ചുപോരുകയാണ്. ഷഷ്ഠിവ്രതം ആരംഭിക്കുന്നവര്‍ ഗുരുപാദ സങ്കല്പത്തില്‍ ഈ കസേരയ്ക്ക് മുന്നില്‍ ദക്ഷിണ സമര്‍പ്പിക്കുന്നു. ഇതോടൊപ്പം നാലമ്പലത്തിന് പുറത്തുള്ള ഗുരുദേവ ക്ഷേത്രത്തില്‍ എണ്ണവഴിപാടും നടത്തും. ഇങ്ങനെ മഹാഗുരുവിന് ദക്ഷണി സമര്‍പ്പിച്ചുകൊണ്ടാണ് ഗുരുദേവന്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യസ്വാമിക്ക് മുന്നില്‍ ഭക്തര്‍ ഷഷ്ഠിവ്രതം ആരംഭിക്കുന്നത്. വ്രതം തുടങ്ങുന്നതിന് ഏറ്റവും നല്ല മുഹൂര്‍ത്തമാണ് സ്‌കന്ദഷഷ്ഠി ദിനം എന്നാണ് സങ്കല്‍പ്പം.
ഇടപ്പാടിയില്‍ ഷഷ്ഠിയോട് അനുബന്ധിച്ച് നടത്തുന്ന കാര്യസിദ്ധിപൂജയും വളരെ പ്രധാനമാണ്. ഷഷ്ഠിനാളില്‍ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ ദേവസ്വരൂപമായി ഇരിക്കുന്ന നിലവിളക്കില്‍ മേല്‍ശാന്തി ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങളാല്‍ ഭഗവാനെ സാന്നിധ്യപ്പെടുത്തി സ്വയം പൂജിച്ച് അര്‍ച്ചന ചെയ്ത് സര്‍വ്വാഭീഷ്ടസിദ്ധി സാധ്യമാക്കുന്ന പൂജയാണ് കാര്യസിദ്ധിപൂജ.
കാര്യസിദ്ധിപൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ പ്രത്യേകമായി പൂജിച്ച വെറ്റിലയും നാരങ്ങയും വെള്ളിനാണയവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
ഇത്തവണ ഭഗവത്പാദത്തിങ്കല്‍ കാണിക്കയര്‍പ്പിച്ച് സ്‌കന്ദഷഷ്ഠിനാളില്‍ വ്രതമാരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ അറിയിച്ചു. ഷഷ്ഠിപൂജയ്ക്കും കാര്യസിദ്ധി പൂജയ്ക്കും മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.




0 Comments