സുനിൽ പാലാ
മഴയൊക്കെ മാറിയില്ലേ സാറുമ്മാരേ... ഈ തകര്‍ന്നുകിടക്കുന്ന റിവര്‍വ്യൂ റോഡ് ഒന്ന് നന്നാക്കിക്കൂടെ... ഇതുവഴി ദിവസേന സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാരുടെ അപേക്ഷയാണിത്. ബന്ധപ്പെട്ട അധികാരികള്‍ കേള്‍ക്കുന്നില്ലെന്ന് മാത്രം.
പാലാ നഗരത്തിലെ ഏറ്റവും തിരക്കേറിയ വണ്‍വേ റോഡാണ് റിവര്‍വ്യൂ റോഡ്. ഈ റോഡിന്റെ പുഴക്കരപാലം മുതല്‍ വലിയപാലത്തിനടിവശം വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ഗര്‍ത്തങ്ങളുമായി കിടക്കുകയാണ്. നാളുകളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും മഴയെ പഴിചാരി അധികാരികള്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇതുവരെ.
ഇപ്പോള്‍ മഴ മാറി. തല്‍ക്കാലം കുഴി അടയ്ക്കുന്ന സംവിധാനം എങ്കിലും അടിയന്തിരമായി ചെയ്‌തേ തീരൂ. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി നാളുകള്‍ മാത്രം. ജൂബിലി പെരുന്നാളിനും കളമൊരുങ്ങുകയാണ്. ഇനിയെങ്കിലും ഈ റോഡ് നന്നാക്കിയില്ലെങ്കില്‍ പാലായില്‍ എത്തുന്നവരും പാലാ വഴി കടന്നുപോകുന്നവരുമായ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ശാപവാക്കുകള്‍ അധികാരികള്‍ക്ക് കേള്‍ക്കേണ്ടി വരും.
ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗവും ഇതിന്റെ പരിസരങ്ങളും വലിയപാലത്തിന്റെ അടിഭാഗവുമാണ് ഏറ്റവും അധികം തകര്‍ന്നിരിക്കുന്നത്. നിറയെ കുഴികളായതിനാല്‍ വാഹനങ്ങള്‍ വളരെ പതുക്കയേ ഇതുവഴി ഓടിക്കാനാകൂ. ഇതോടെ ഗതാഗത തടസ്സവും രൂക്ഷമാകുകയാണ്.
പി.ഡബ്ല്യു.ഡി.ക്കാണ് റിവര്‍വ്യൂ റോഡിന്റെ ചുമതല.
ഇതേ പോലെ തന്നെ മെയിന്‍ റോഡില്‍ നിന്നും റിവര്‍വ്യൂ റോഡിലേക്ക് ബസ് സ്റ്റാന്‍ഡ് ഭാഗത്തുകൂടിയുള്ള വഴിയും ആകെത്തകര്‍ന്നിരിക്കുകയാണ്. ഇന്നലെ പോലീസ് ഇവിടെ നോ എന്‍ട്രി ബോര്‍ഡ് വച്ച് വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. ഈ റോഡിന്റെ ചുമതലയാകട്ടെ പാലാ നഗരസഭയ്ക്കും.
യു.ഡി.എഫ് ധര്‍ണ നാളെ, മാണി സി. കാപ്പന്‍ ഉദ്ഘാടനം ചെയ്യും
താറുമാറായി കിടക്കുന്ന പാലാ റിവര്‍വ്യൂ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അനാസ്ഥ കാണിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച (25.10) രാവിലെ 10.30 ന് അരുണാപുരം പി.ഡബ്ല്യു.ഡി. ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തും.
മാണി സി കാപ്പന്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനിയും കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാടും അറിയിച്ചു.




0 Comments