തപോജീവിതം നയിക്കുന്ന സംന്യാസിശ്രേഷ്ഠന്‍ മാര്‍ ജേക്കബ് മുരിക്കന് ഇത് ഏകാന്തതയിലെ ആദ്യതിരുപ്പിറവി. പാലാ രൂപതാ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് പരിപൂര്‍ണ്ണമായി സംന്യാസി ആകാനുള്ള തീരുമാനവുമായി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന മാര്‍ ജേക്കബ് മുരിക്കന്റെ ഈ തപോആശ്രമത്തിലെ ആദ്യ ക്രിസ്തുമസാണിത്.



സുനിൽ പാലാ

ഒമ്പത് മാസം മുമ്പാണ് മാര്‍ ജേക്കബ് മുരിക്കന്‍ ഇവിടേയ്ക്ക് നിത്യതപസ്സിനായി എത്തിയത്. ചെറിയൊരു കൂടാരം. അതില്‍ ക്രിസ്തുനാഥന്റെ ചില്ലിട്ടൊരു ചിത്രം. തൊട്ടുതാഴെ കൊന്തയും ബൈബിളും. വലതുവശത്തായി ഉണ്ണിയേശുവിന്റെ ഒരു ചെറിയ തിരുസ്വരൂപം. ഇത്രയുമായാല്‍ മാര്‍ ജേക്കബ് മുരിക്കന്റെ പ്രാര്‍ത്ഥനാമുറിയായി. ഇതോട് ചേര്‍ന്നുള്ള ചെറിയൊരു കിടപ്പുമുറിയും അടുക്കളയും കൂടിയാകുമ്പോള്‍ തപോആശ്രമമായി. 

 


 


പതിവുളള വെള്ള ളോഹ മാറ്റി കാവി ജുബ്ബയും പൈജാമയുമാണ് മാര്‍ ജേക്കബ് മുരിക്കന്റെ വേഷം. ദിവസവും പുലര്‍ച്ചെ മൂന്നിന് എഴുന്നേല്‍ക്കുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ദിവസത്തില്‍ 16 മണിക്കൂറും പ്രാര്‍ത്ഥനയിലാണ്. ചെറിയൊരു കൃഷിക്കും ഭക്ഷണമുണ്ടാക്കുന്നതിനും വസ്ത്രം കഴുകുന്നതിനുമായി ഇതിനിടയില്‍ കുറച്ചുസമയം നീക്കിവച്ചിട്ടുണ്ടെന്നു മാത്രം. 



ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ സന്ദര്‍ശകര്‍ക്കായി അനുവദിച്ചിട്ടുള്ളൂവെങ്കിലും കിഴക്കന്‍ മലമടക്കുകളില്‍ സദാ കോടമഞ്ഞ് വീശുന്ന നല്ലതണ്ണിയിലെ ഈ കൊച്ചു ആശ്രമത്തില്‍ മിക്കപ്പോഴും ജാതിമത ഭേദമന്യെ വിശ്വാസികള്‍ എത്താറുണ്ട്. വരുന്നവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് പാകപ്പെടുത്തിയ കഞ്ഞിയും പയറും ചമ്മന്തിപ്പൊടിയും മാര്‍ മുരിക്കന്‍ വിളമ്പും.  എത്രപേര്‍ വന്നാലും അവര്‍ക്കെല്ലാം ഒരുതവി കഞ്ഞിയെങ്കിലും കൊടുത്തേ ഇദ്ദേഹം മടക്കിയയ്ക്കുകയുള്ളൂ. 

 

 ക്രിസ്തുമസിന്റെ രണ്ടുദിവസം മുന്നേ തന്നെ ഇവിടേയ്ക്ക് പ്രാര്‍ത്ഥനാ വരങ്ങള്‍ തേടി നിരവധി വിശ്വാസികളാണെത്തിയത്. അവരെയെല്ലാം സ്വന്തം പ്രാര്‍ത്ഥനാ മുറിയിലേക്ക് ക്ഷണിച്ച് മൗനപ്രാര്‍ത്ഥന നടത്തി കൈവെപ്പ് അനുഗ്രഹത്തോടെയാണ് മാര്‍ മുരിക്കന്‍ മടക്കിയയ്ക്കുന്നത്.





എല്ലാറ്റിനെയും സ്‌നേഹിക്കാനുള്ള ഉണര്‍ത്തുപാട്ടാണ് തിരുപ്പിറവി - മാര്‍ ജേക്കബ് മുരിക്കന്‍

''ക്രിസ്തുമസ് നല്‍കുന്ന സന്ദേശം സ്‌നേഹത്തിന്റേതാണ്. ഈ പ്രപഞ്ചം മുഴുവന്‍ സ്‌നേഹത്തിന്റെ ഒരു വലയാണ്. മനുഷ്യര്‍ ദൈവത്തോട്, മറ്റു മനുഷ്യരോട്, പ്രകൃതിയോട്, ജീവജാലങ്ങളോട് തുടങ്ങി എല്ലാറ്റിനോടും സ്‌നേഹമുള്ളവരായിത്തീരണം. അതിനുള്ള ഉണര്‍ത്തുപാട്ടാണ് ഓരോ തിരുപ്പിറവിയും'' മാര്‍ ജേക്കബ് മുരിക്കന്‍  പറഞ്ഞു .

 

 







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments