55 ആണ്ട് മുമ്പത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് ''ക്ലാസ്‌മേറ്റ്‌സ്''


അഞ്ചര പതിറ്റാണ്ട് മുമ്പത്തെ ഓര്‍മ്മകള്‍ക്ക് ഇന്നും സുഗന്ധം. തലമുടി നരച്ചെങ്കിലും പ്രായം മുഖങ്ങളില്‍ വരകുറി തീര്‍ത്തെങ്കിലും ഒന്നിച്ചുകൂടിയപ്പോള്‍ അവര്‍ പഴയ ക്ലാസ്‌മേറ്റ്‌സായി. 

1965 മുതല്‍ 68 വരെ പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്നവരാണ് ക്ലാസ്‌മേറ്റ്‌സ് എന്ന പേരില്‍ ഒത്തുകൂടിയത്. ഇവരെല്ലാം 1968 ലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയവരാണ്.

കലപിലയും കളിചിരികളുമായി 55 വര്‍ഷം മുമ്പ് ഓടിക്കളിച്ച വിദ്യാലയ മുറ്റത്തെ ഓര്‍മ്മകളുമായാണവര്‍ പാലാ മഹാറാണി ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലാവരും പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ത്ഥികളായിരുന്നു. 




അന്നത്തെ 23 വിദ്യാര്‍ത്ഥികളില്‍ ഏഴുപേര്‍ നിത്യതയിലേക്ക് മടങ്ങി. ബാക്കിയുള്ള 16 പേരില്‍ സ്ഥലത്തുള്ള 13 പേരാണ് ഇന്നലത്തെ കൂട്ടായ്മയില്‍ പങ്കെടുത്തത്. 55 വര്‍ഷത്തിന് ശേഷം പഴയ സഹപാഠി ജോസഫ് ചെറിയാന്‍ കയ്യാലക്കകം ഇന്നലെ ആദ്യമായി ഈ കൂട്ടായ്മയിലെത്തിയത് സഹപാഠികള്‍ക്കെല്ലാം ഏറെ ആവേശമായി.

2018 മുതലാണ് ക്ലാസ്‌മേറ്റ്‌സ് ഇങ്ങനെയൊരു കൂട്ടായ്മ ആരംഭിച്ചത്. സ്‌കൂളിലെ ഓര്‍മ്മകള്‍ പങ്കിട്ട് പിന്നീടുള്ള ജീവിത വിശേഷങ്ങള്‍ പരസ്പരം പറഞ്ഞും കളിചിരികളുമായി മൂന്നുമണിക്കൂര്‍. 



മലബാര്‍ മുതല്‍ അമേരിക്ക വരെ നീളുന്ന ക്ലാസ്‌മേറ്റ്‌സ് സൗഹൃദ കണ്ണിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലായിട്ടുള്ളവരാണ് ഒത്തുചേര്‍ന്നത്.

പഴയ ചങ്ങാതിമാരില്‍ അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, വൈദീകര്‍, സഹകരണ സ്ഥാപന ജീവനക്കാര്‍, ബിസിനസുകാര്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്നു. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ശ്രീനിവാസന്‍ കുന്നുംപുറമാണ് ക്ലാസ്‌മേറ്റ്‌സിന്റെ പ്രസിഡന്റ്. ജോര്‍ജ്ജ് ഫ്രാന്‍സീസ് പൂവേലില്‍ സെക്രട്ടറിയും ജോസ് വല്ലനാട്ട് കണ്‍വീനറുമാണ്.

ക്ലാസ്‌മേറ്റ്‌സിലെ മിക്കവരും 65 നും 72 നും ഇടയില്‍ പ്രായമുള്ളവരാണ്. സതീഷ് പാലംപുരയിടം, മാത്തച്ചന്‍ മേനാംപറമ്പില്‍, കുര്യാക്കോസ് രാജാക്കാട്, ജോസ് സക്കറിയാസ് കണ്ടത്തിന്‍കര, ജോസഫ് ചെറിയാന്‍ കയ്യാലയ്ക്കകം, കെ.പി. രാജന്‍ കൊച്ചുപുരയ്ക്കല്‍, സണ്ണി അഗസ്റ്റിന്‍ പുളിക്കല്‍, സന്തോഷ് മാട്ടേല്‍, ജോസ് അഗസ്റ്റിന്‍, പി.ജെ. ജോസഫ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. തങ്ങളോട് വിടപറഞ്ഞ അദ്ധ്യാപക ശ്രേഷ്ഠര്‍ക്കും സഹപാഠികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പച്ചുകൊണ്ടാണ് ക്ലാസ്‌മേറ്റ്‌സിന്റെ യോഗം ആരംഭിച്ചത്. തുടര്‍ന്ന് പഴയ പാട്ടുകളുടെ അവതരണവും സ്‌നേഹവിരുന്നുമൊക്കെ ഉണ്ടായിരുന്നു. അടുത്തവര്‍ഷം വീണ്ടും കാണാമെന്ന പ്രതീക്ഷയുടെ കൂപ്പുകൈകളുമായി ക്ലാസ്‌മേറ്റ്‌സ് പരസ്പരം ആലിംഗനം ചെയ്ത് വിടപറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments