എന്നും പിതൃബലി.... ഇടപ്പാടി ക്ഷേത്രത്തില്‍ വിഷ്ണുസാന്നിദ്ധ്യം ശക്തം.... വിഷ്ണുപ്രതിഷ്ഠയ്ക്ക് ഒരുക്കം.... അഷ്ടമംഗല ദേവപ്രശ്‌നം ഒക്‌ടോ. 1 മുതല്‍.



എന്നും പിതൃബലിയും തിലഹോമവും നടന്നുവരുന്ന ഇടപ്പാടി ശ്രീ ആനന്ദ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തില്‍ അതിശക്തമായ വിഷ്ണുചൈതന്യം. ഇന്നലെ പ്രമുഖ ദൈവജ്ഞന്‍ കോഴിക്കോട് കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ നേതൃത്വത്തില്‍ നടത്തിയ ഒറ്റരാശിയിലാണിത് തെളിഞ്ഞത്. 

ഇതോടെ ക്ഷേത്ര സങ്കേതത്തില്‍ പ്രത്യേകം വിഷ്ണുക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കം ആരംഭിച്ചതായി ഇടപ്പാടി ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേല്‍, ഷാജി മുകളേല്‍, സതീഷ് മണി കല്യ എന്നിവര്‍ പറഞ്ഞു. 

ശ്രീനാരായണ ഗുരുദേവനാല്‍ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദ ഷണ്മുഖ സ്വാമി ക്ഷേത്രം പിതൃപൂജയ്ക്ക് പുണ്യപ്രസിദ്ധിയാര്‍ന്നതാണ്. എല്ലാ വര്‍ഷവും ഉത്സവത്തിന് മുന്നോടിയായി ഇവിടെ ഇടപ്പാടി നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ വിഷ്ണുപൂജയും നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് വൈഷ്ണവ ചൈതന്യം ശക്തമായി നിലനില്‍ക്കുന്നതായി ഒറ്റരാശിയില്‍ തെളിഞ്ഞത്. ക്ഷേത്രസങ്കേതത്തില്‍ വിഷ്ണുപ്രതിഷ്ഠകൂടി വരുന്നതോടെ ക്ഷേത്രത്തിന്റെ ഖ്യാതി ഇപ്പോഴുള്ളതിന്റെ ഇരട്ടി മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ദൈവജ്ഞമതം. 

ഇത് സംബന്ധിച്ച് വിശദമായ ദേവഹിതം അറിയുന്നതിനായി ഒക്‌ടോബര്‍ 1, 2 തീയതികളിലായി കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടക്കും. ക്ഷേത്രം തന്ത്രി ശ്രീമദ് ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിക്കുന്നത്. ദേവഹിതമനുസരിച്ച് കാണിപ്പയ്യൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്തപതികളെക്കൊണ്ട് കണക്കെടുത്താവും വിഷ്ണുക്ഷേത്രം നിര്‍മ്മിക്കുക.  



വിഷ്ണുക്ഷേത്രം വരുന്നതോടെ പിതൃതര്‍പ്പണവും തിലഹോമവും നടത്തി പിതൃക്കളെ സമര്‍പ്പിക്കുന്നതിനുള്ള സങ്കേതമായിക്കൂടി ഇടപ്പാടി ക്ഷേത്രം മാറും. 

വിഷ്ണുക്ഷേത്രത്തിനുള്ള നീക്കമാണ് അഷ്ടമംഗല ദേവപ്രശ്‌നത്തിലേക്ക് കടക്കാന്‍ പ്രധാന കാരണമെങ്കിലും ഇതോടൊപ്പം ക്ഷേത്രത്തിലെ മറ്റുപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുകൂടി ദേവഹിതം തേടുന്നുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. 



അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായി വിശേഷാല്‍ പൂജകള്‍

ഇടപ്പാടി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 1, 2 തീയതികളില്‍ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായി ഇടപ്പാടി ക്ഷേത്രത്തിലും മീനച്ചില്‍ യൂണിയന് കീഴിലെ മറ്റ് ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും വിശേഷാല്‍ പൂജകള്‍ നടത്തുമെന്നും ഇടപ്പാടി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. 

അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ കഴിയുന്നത്ര ഭക്തജനങ്ങളെ പങ്കെടുപ്പിക്കാനാണ് ഇടപ്പാടി ദേവസ്വം ലക്ഷ്യമിടുന്നത്. എത്തിച്ചേരുന്ന മുഴുവന്‍ പേര്‍ക്കും അന്നദാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേല്‍, ഷാജി മുകളേല്‍, സതീഷ്മണി കല്യ എന്നിവര്‍ പറഞ്ഞു. 




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments