വിവാദങ്ങൾക്ക് വിട....ഒടുവില്‍ അത് നടക്കുന്നു; ....... പാലാ ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ജൂലൈ 3 ന്


വിവാദങ്ങൾക്ക് വിട....ഒടുവില്‍ അത് നടക്കുന്നു; .......
പാലാ ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ജൂലൈ 3 ന്

സുനിൽ പാലാ

പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രീയത്തിന് അതീതമായി സമരം നടത്തുമെന്നത് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകൾ  നിലനില്‍ക്കേ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ യോഗം ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് കുമാര്‍ വിളിച്ചു ചേര്‍ത്തു. 

ജൂലൈ 3 ന് രാവിലെ 11 മണിക്ക് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക.


മെമ്പര്‍ സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ടാണ് യോഗം വിളിക്കേണ്ടിയിരുന്നത് എങ്കിലും ഔദ്യോഗികമായി ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ ലിസ്റ്റ് സൂപ്രണ്ടിന് കിട്ടാത്തതിനാല്‍ ഇത് വിളിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഈ സാങ്കേതിക പ്രശ്‌നം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. ഇതോടൊപ്പം ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയിലേക്ക് രാഷ്ട്രീയ താത്പര്യം നിമിത്തം ആളുകളെ ഉള്‍ക്കൊള്ളിക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്തതായും ആക്ഷേപമുയര്‍ന്നിരുന്നു.

നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തതിനാല്‍ കേരളാ കോണ്‍ഗ്രസ് (എം) ന്റെ പ്രതിനിധിയെ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു ആദ്യം നഗരഭരണ നേതൃത്വം. 


ഇതുസംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ്, ആശുപത്രി കമ്മറ്റിയില്‍ പാർട്ടി പ്രതിനിധിയായി ബൈജു കൊല്ലംപറമ്പിലിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ മുനിസിപ്പല്‍ സെക്രട്ടറിക്കും ചെയര്‍പേഴ്‌സണും കത്ത് നല്‍കിയിരുന്നു.

ഇതേ സമയം കഴിഞ്ഞ ദിവസം വൈകിട്ട് ഔദ്യോഗികമായിത്തന്നെ മുനിസിപ്പല്‍ സെക്രട്ടറി രേഖാമൂലം ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളുടെ ലിസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷിന് കൈമാറുകയായിരുന്നു. ഇതോടൊപ്പം എത്രയും വേഗം ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ചേരണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

നിലവിലെ ലിസ്റ്റില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി ബൈജു കൊല്ലംപറമ്പില്‍ ഇല്ലെങ്കിലും അദ്ദേഹത്തെക്കൂടി ഉടന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ധാരണ ആയതായാണ് അറിയുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments