ദേ വന്നു, ദാ പോയി പൊലീസ്, പാലാ സ്റ്റാന്റില്‍ എരിപൊരി അടി തുടരുന്നു.



സുനില്‍ പാലാ


ദേ വന്നു, ദാ പോയി പൊലീസ്, പാലാ സ്റ്റാന്റില്‍ എരിപൊരി അടി തുടരുന്നു.! 
 
പാലാ ടൗണ്‍ ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും രൂക്ഷമായ ശല്യത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച  റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ പൊലീസ് സ്റ്റാന്റില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്തുകയും സാമൂഹ്യവിരുദ്ധരെ അടിച്ചോടിക്കുകയും ചെയ്തിരുന്നു. 
 
എന്നാല്‍ നാലാംപക്കം മുതല്‍ പൊലീസ് വീണ്ടും പഴയപടിയായി. സാമൂഹ്യവിരുദ്ധര്‍ക്കും മദ്യപാനികള്‍ക്കും സ്റ്റാന്റ് വീണ്ടും വിട്ടുകിട്ടിയ പ്രതീതി. മിനിയാന്നും ഇന്നലെയുമായി സ്റ്റാന്റില്‍ മൂന്ന് വട്ടം പൊരിഞ്ഞ അടി നടന്നു. അടികൊണ്ട ഒരു യുവാവ് ബോധരഹിതനായി. ഇന്നലെ ഒരു ലോട്ടറികടയില്‍നിന്ന യുവാവിനെ ഒരു കാരണവുമില്ലാതെ ഒരു സാമൂഹ്യവിരുദ്ധന്‍ അടിക്കുകയായിരുന്നു. 
 
ഇന്നലെയും മിനിയാന്നുമായി പലരും പാലാ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച് അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഒന്നോ രണ്ടോ തവണ പൊലീസ് വാഹനത്തില്‍ ടൗണ്‍ ബസ് സ്റ്റാന്റില്‍ എത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 
 
പൊലീസിനെ കണ്ടതോടെ ഒന്നുവലിഞ്ഞ സാമൂഹ്യവിരുദ്ധര്‍ ഇവര്‍ പോയതോടെ വീണ്ടും അസഭ്യവര്‍ഷവുമായി സ്റ്റാന്റ് കയ്യടക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീണ്ടും ഒരു സാമൂഹ്യവിരുദ്ധന്‍ ബഹളം വച്ചതോടെ ആരോ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. സാമൂഹ്യവിരുദ്ധനോട് എത്രയുംവേഗം സ്ഥലംവിടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഞാന്‍ രാത്രി രണ്ട് മണിയായിട്ടേ പോകുന്നുള്ളൂ എന്താണെന്ന് വച്ചാല്‍ അങ്ങ് ചെയ്യ് എന്നായിരുന്നു സാമൂഹ്യവിരുദ്ധന്റെ മറുപടി.


സാമൂഹ്യവിരുദ്ധരെ തുരുത്താന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചേ തീരൂ

ടൗണ്‍ ബസ് സ്റ്റാന്റിലെ സാമൂഹ്യ വിരുദ്ധരെ അടിച്ചോടിച്ച് സ്റ്റാന്റിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും സ്റ്റാന്റിലെ വ്യാപാരികളെയും രക്ഷിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് പാലാ ജനകീയ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments