സര്‍ക്കാര്‍ ഭൂമിയാണ്, കാടുകയറാനാണ് വിധി! പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലമില്ല! മീനച്ചില്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥലം കാടുകയറി നശിക്കുന്നു.





സുനില്‍ പാലാ
 
സര്‍ക്കാര്‍ ഭൂമിയാണ്, കാടുകയറാനാണ് വിധി! പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലമില്ല! മീനച്ചില്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥലം കാടുകയറി നശിക്കുന്നു.
 
വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലം കിട്ടാതെ അധികാരികള്‍ നെട്ടോട്ടമോടുമ്പോള്‍ മീനച്ചില്‍ പഞ്ചായത്തില്‍ ഇടമറ്റത്ത് സര്‍ക്കാര്‍ സ്ഥലം കാടുകയറി നശിക്കുകയാണ്.

ഇടമറ്റത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ചിരുന്ന ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ഒരേക്കറോളം സ്ഥലമാണ് ഒന്നര പതിറ്റാണ്ടായി കാടുകയറി കിടക്കുന്നത്. ഈ സ്ഥലം ഇന്ന് സമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും ജീര്‍ണിച്ച് നശിച്ചുപോയി.

18 വര്‍ഷം മുമ്പ് ഈ സ്ഥലത്ത് അസാപ്പിന്റെ കമ്യൂണിറ്റി പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. പ്രവര്‍ത്തനം തുടങ്ങാനെന്ന പേരില്‍ ഇവിടെയുണ്ടായിരുന്ന മരങ്ങള്‍ വെട്ടിമാറ്റിയതല്ലാതെ മറ്റു നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അന്ന് ഇതോടൊപ്പം പദ്ധതി തയ്യാറാക്കിയ മറ്റു സ്ഥലങ്ങളില്‍ നിര്‍മാണം തുടങ്ങുകയും പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കാടുകയറി കിടക്കുന്ന ഈ സ്ഥലം വിനിയോഗിച്ച് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോടും വിവിധ ജനപ്രതിനിധികളോടും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പഞ്ചായത്തിന്റെ വികസന സെമിനാറുകളിലും ഗ്രാമസഭകളിലും നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

വിദ്യാഭ്യാസ, ആരോഗ്യ, കായിക, വ്യവസായ, ഭക്ഷ്യ, വൈദ്യുതി, വിനോദ, സാംസ്‌കാരിക വകുപ്പുകളില്‍ സാധ്യതയുള്ളവയ്ക്കു വേണ്ടി സ്ഥലം വിട്ടുനല്‍കണമെന്നാണ് പൊതുവായ ആവശ്യം. വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന ആയുര്‍വേദ ആശുപത്രി തുടങ്ങുന്നതിനും സൗകര്യപ്രദമായ സ്ഥലമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments