പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ മാറ്റിവച്ച വിഷയങ്ങള്‍ പിന്നീട് മിനിറ്റ്‌സ് വന്നപ്പോള്‍ തീരുമാനമായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ബഹളമുയര്‍ത്തി.
മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രേഖ തിരുത്തിയാണ് എടുക്കാത്ത തീരുമാനങ്ങള്‍ എടുത്തതായി രേഖപ്പെടുത്തിയതെന്നും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും പ്രതിപക്ഷത്തെ പ്രൊഫ. സതീശ് ചൊള്ളാനി, സിജി ടോണി, മായ രാഹുല്‍ എന്നിവര്‍ കുറ്റപ്പെടുത്തി. കൗണ്‍സില്‍ തീരുമാനങ്ങളെ ഭരണപക്ഷം അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
മൂന്ന് ഭാഗങ്ങളിലായി വീഡിയോ ഇവിടെ കാണാം.👇👇👇
മിനിട്‌സ് തിരുത്തിയെന്ന ഗുരുതര ആരോപണം പ്രതിപക്ഷത്തെ സിജി ടോണിയും മായാ രാഹുലും ഒത്തുചേര്‍ന്നാണ് ശക്തമായി ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷത്തെ മുഴുവന്‍ പേരുടെയും പിന്തുണ ഇവര്‍ക്ക് ലഭിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ കഴിഞ്ഞ കൗണ്‍സിലിലെ ചില തീരുമാനങ്ങളെ സംബന്ധിച്ച് പ്രതിപക്ഷം ചോദ്യമുന്നയിച്ചു. അത് അവസാനം മറുപടി പറയാമെന്നായിരുന്നു ചെയര്‍പേഴ്സന്റെ വിശദീകരണം. 41 അജന്‍ഡകളായിരുന്നു ഇന്നലെ ഒറ്റ ദിവസം പരിഗണനയ്ക്ക് വന്നത്. പ്രതിപക്ഷം ബഹളംവച്ചതിനിടയില്‍ അജണ്ടകള്‍ വായിച്ച് ഭരണപക്ഷം കയ്യടിച്ച് പാസാക്കിയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുന്‍ കൗണ്‍സില്‍ തീരുമാനങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് അവ 48 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യപ്പെടേണ്ടവയെന്ന് മറുപടി നല്കി ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയി.
സെക്രട്ടറി രാജിവയ്ക്കണം - വനിതാ കൗണ്‍സിലര്‍മാര്‍
നഗരസഭാ കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ തിരുത്തി മിനിട്‌സ് തയ്യാറാക്കിയ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം തത്സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാരായ സിജി ടോണിയും മായാ രാഹുലും ആവശ്യപ്പെട്ടു. നാണംകെട്ട ഈ കളിക്ക് കൂട്ടുനിന്ന സെക്രട്ടറിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതേ സമയം പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ പെരുമാറുന്നതെന്ന് പ്രൊഫ. സതീഷ് ചൊള്ളാനി ആരോപിച്ചു. ആക്ഷേപങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാമെന്നാണ് പറയുന്നത്. ഇപ്പോള്‍ പറ്റാത്തത് എങ്ങനെയാണ് അടുത്ത തവണ പറ്റുന്നതെന്നും തെറ്റ് പറ്റിയതുകൊണ്ടാണ് ചെയര്‍പേഴ്‌സണ്‍ ഒളിച്ചോടിയതെന്നും ഒന്നിനും ഉത്തരമില്ലെന്നും ചൊള്ളാനി കുറ്റപ്പെടുത്തി.
മിനിറ്റ്‌സ് തിരുത്തിയെന്ന വാദം അടിസ്ഥാനരഹിതം - ചെയര്‍പേഴ്‌സണ്‍
നഗരസഭ കൗണ്‍സില്‍ മിനിറ്റ്‌സ് തിരുത്തിയെന്ന ചില പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. ഓരോ വിഷയത്തിലും രാഷ്ട്രിയ കാരണങ്ങളാലോ മറ്റോ അഭിപ്രായ വ്യത്യാസം ഉള്ള കൗണ്‍സിലര്‍മാര്‍ ഉണ്ടാവാം. അവര്‍ക്ക് അതില്‍ വിയോജന കുറിപ്പ് നല്‍കാനുള്ള അവകാശവും ഉണ്ട്. വിയോജിപ്പ് ഉള്ളവര്‍ക്ക് മിനിറ്റ്‌സ് പുറത്തിറങ്ങി 48 മണികൂറിനകം രേഖാമൂലം സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കാന്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം അവകാശം ഉണ്ടെന്നിരിക്കെ അത് നല്‍കാതെ കൗണ്‍സിലില്‍ വന്ന് ചില പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുന്നത് ശരിയല്ലെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.


0 Comments