പാപ്പന്റെ ഓര്‍മ്മകള്‍ പുതുതലമുറയിലും ഉണരും. ഒരു സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നാളെ സ്‌കോളര്‍ഷിപ്പ് വിതരണം.





പാപ്പന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് വിതരണം. ഏഴാച്ചേരി കാവളക്കാട്ട് ദേവസ്യാച്ചന്‍ എന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ''പാപ്പന്‍'' ഓര്‍മ്മയായിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്.

പാപ്പന്റെയും ഭാര്യ ഏലിക്കുട്ടിയുടെയും പരേതനായ മകന്‍ ജോയിച്ചന്റെയും സ്മരണകള്‍ നിലനിര്‍ത്തുന്നതിനാണ് ഏഴാച്ചേരി സെന്റ് ജോണ്‍സ് എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് പാപ്പന്റെ രണ്ടാമത്തെ മകനും റോമിലെ പ്രമുഖ വൈദികനുമായ റവ. ഡോ. എബ്രഹാം കവളക്കാട്ട് (അവിരാച്ചന്‍) പറഞ്ഞു.

പാപ്പനും മകന്‍ ജോയിച്ചനും ചേര്‍ന്നാണ് 2011 ല്‍ സെന്റ് ജോണ്‍സ് എല്‍.പി. സ്‌കൂള്‍ പുതുക്കിപ്പണിതത്. ഇതിനായി അന്ന് ഈ കുടുംബം ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നു.

2013 ല്‍ മംഗലാപുരത്തുണ്ടായ ഒരു വാഹനാപകടത്തില്‍ ജോയിച്ചനും അമ്മ ഏലിക്കുട്ടിയും മരണമടയുകയായിരുന്നു. തുടര്‍ന്ന് പാപ്പന്‍ മകള്‍ മേരിയോടൊപ്പം പുറപ്പുഴയിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20 നാണ് ഇദ്ദേഹം നിത്യതയിലേക്ക് യാത്രയായത്.

പാപ്പന്റെ ഒന്നാം ചരമവാര്‍ഷിക നാളില്‍ കാരുണ്യത്തിന്റെ പുതുമുഖം കാഴ്ചവയ്ക്കണമെന്ന ഉദ്ദേശത്തോടെയാണ് ഏഴാച്ചേരി സെന്റ് ജോണ്‍സ് എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് റവ. ഡോ. എബ്രഹാം കവളക്കാട്ട് പറഞ്ഞു. അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഈ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്നത്. പാപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ഈ സ്‌കൂളിലെ പാവപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോമും വാങ്ങി നല്‍കിയിരുന്നു. പാപ്പന്‍ - ഏലിക്കുട്ടി ദമ്പതികള്‍ക്ക് പാപ്പുക്കുട്ടി (റിട്ട. ഓഫീസര്‍, ഇന്ത്യന്‍ ആര്‍മി), റവ. ഡോ. എബ്രഹാം കവളക്കാട്ട്, ഏലിയാമ്മ, മേരി, പരേതനായ ജോയിച്ചന്‍, ടോമിച്ചന്‍, വിന്‍സിമോള്‍, മിനിമോള്‍ എന്നിങ്ങനെ എട്ട് മക്കളാണുള്ളത്. ഇതില്‍ ഏലിയാമ്മയും വിന്‍സിയും മിനിമോളും കന്യാസ്ത്രീമാരാണ്. 



നാളെ രാവിലെ 11 ന് സെന്റ് ജോണ്‍സ് പള്ളിയില്‍ റവ. ഡോ. എബ്രഹാം കവളക്കാട്ടിന്റെ നേതൃത്വത്തില്‍ സമൂഹബലി നടക്കും. റവ. ഫാ. ടോണ്‍ കൊട്ടുകാപ്പള്ളില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും. സലേഷ്യന്‍ സഭയിലെ വൈദികരും പങ്കെടുക്കും. കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയുമുണ്ട്. തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നടക്കും. സ്‌നേഹവിരുന്നുമുണ്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments