പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭാ കൗണ്‍സില്‍... നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചാല്‍ പോലും കൂട്ടാക്കാത്ത സൂപ്രണ്ടിനെ എത്രയും വേഗം സ്ഥലം മാറ്റണമെന്നും നഗരസഭാ കൗണ്‍സില്‍






കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രി സൂപ്രണ്ട് ഷമ്മി രാജനെതിരെ ഇന്ന് ചേര്‍ന്ന പാലാ നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി. സൂപ്രണ്ടിനെ എത്രയുംവേഗം മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഉടന്‍ സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു.

ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്ന സൂപ്രണ്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനങ്ങള്‍പോലും നടപ്പാക്കുന്നില്ലെന്നും നഗരസഭാംഗങ്ങള്‍ കുറ്റപ്പെടുത്തി. സൂപ്രണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജിംഗ് കമ്മറ്റിയും നേരത്തേ പ്രമേയം പാസാക്കിയിരുന്നു.

ആശുപത്രി മാനേജിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നുള്ള നഗരസഭാ ചെയര്‍പേഴ്‌സണിന്റെ നിര്‍ദ്ദേശം പോലും സൂപ്രണ്ട് നടപ്പിലാക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.

വിവിധതലത്തിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണത്തിന് തുടര്‍ച്ചയായി വിജിലന്‍സ് വിഭാഗം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് വരുത്തി വച്ചിരിക്കുന്നത്. ഇതോടൊപ്പം ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണവും തുടര്‍ച്ചയായി നടക്കുന്നു. ഇതിനാല്‍ ഓഫീസ് പ്രവര്‍ത്തനവും മുടങ്ങുകയാണ്. സ്ഥിരമായി ഉണ്ടാവേണ്ട സൂപ്രണ്ട് മുന്നറിയിപ്പുകള്‍ ഇല്ലാതെ അവധിയെടുത്ത് മുങ്ങുന്നതായും പരാതി ഉയര്‍ന്നിരുന്നു.

ആശുപത്രി സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഇന്റര്‍വ്യൂ നടത്തി ഉണ്ടാക്കിയ ലിസ്റ്റില്‍ കൃത്രിമം നടത്തി പേരുകള്‍ തിരുകി കയറ്ററിയതിനെ തുടര്‍ന്ന് നാളിതുവരെ നിയമനം നടത്തിയിട്ടില്ല. രോഗനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കിയ കോടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചിലവഴിക്കാതെ കിടക്കുകയാണ്. സൂപ്രണ്ടിന് താത്പര്യമുള്ള കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ അംഗീകൃത കമ്പനികളുടെ ലിസ്റ്റിലുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്നുള്ള നിര്‍ദ്ദേശവും സുപ്രണ്ട് അവഗണിച്ചിരിക്കുകയാണെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ് കേടായിട്ട് നാളുകളായി. നഗരസഭയുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിനായി ആശുപത്രി അധികൃതരുടേയും നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെയും സംയുക്ത യോഗം നഗരസഭാദ്ധ്യക്ഷ വിളിച്ചു ചേര്‍ത്ത് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളും സുപ്രണ്ട് നടപ്പാക്കിയില്ല. ഇതേതുടര്‍ന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, രാഷ്ട്രീയ കക്ഷി ഭാരവാഹികളും രോഗികളും നഗരസഭാദ്ധ്യക്ഷയോട് സൂപ്രണ്ടിനെതിരെ പരാതി പറഞ്ഞിരുന്നു.



ആശുപത്രി മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഒന്നും നടപ്പാക്കാതെ സൂപ്രണ്ട് നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് സഹികെട്ട് സൂപ്രണ്ടിനെ മാറ്റിയേ തീരൂ എന്ന ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയതെന്ന് നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു. കൗണ്‍സിലര്‍ ജോസ് ചീരാംകുഴി അവതരിപ്പിച്ച പ്രമേയത്തെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് പിന്തുണച്ചു.








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments