കുടുംബ വർഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി. ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതുന്നത്. പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങിയ സമ്പൂർണ്ണ ബൈബിൾ മൂന്നുമാസത്തിനുള്ളിൽ 180 ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് എഴുതി പൂർത്തീകരിച്ചത്. പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ 1329 അധ്യായങ്ങളാണുള്ളത്.
ഇടവകയിലെ കുട്ടികൾ മുതൽ 80 വയസ്സുവരെയുള്ളവർ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് യജ്ഞത്തിൽ പങ്കെടുത്തു. ദൈവവചനത്തോട് ആഭിമുഖ്യം വളർത്തുവാനും ആഴത്തിൽ പഠിക്കുന്നതിനും വേണ്ടിയാണ് ബൈബിൾ പകർത്തിയെഴുത്ത് പദ്ധതി നടപ്പിലാക്കിയത്. ഇക്കാലയളവിൽ വചനാധിഷ്ഠിതമായ പ്രസംഗം, സംഗീതം, നാടകം, ഡാൻസ്, ആക്ഷൻ സോങ്ങ്, ബൈബിൾ കഥ പറച്ചിൽ, ലോഗോസ് ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് ബൈബിൾ പകർത്തി എഴുതുവാൻ കാരണമായത്.
10.6 kg തൂക്കമുള്ള ബൈബിൾ കൈയെഴുത്ത് പ്രതിക്ക് 4240 പേജുകൾ ഉണ്ട്. ഇടവക കൂട്ടായ്മ പ്രസിഡൻ്റ് സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ച കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനത്തിൽ പാലാ രൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ സമ്പൂർണ്ണ ബൈബിൾ പ്രകാശനം ചെയ്തു. വികാരി ഫാ. സ്കറിയ വേകത്താനം, സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഷൈനി തെക്കലഞ്ഞിയിൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments