ഓരോ മലയ്ക്കും പറയാനുള്ളത് വേറിട്ട കഥകള്‍....ചരിത്രവും ഐതിഹ്യവും ഇഴപാകിയ ഇടുക്കിയിലെ സ്ഥലനാമം പേറുന്ന 33 മലകള്‍



കേട്ടാല്‍ ദൃശ്യചാരുത ആസ്വദിക്കണമെന്ന് തോന്നും. കണ്ടാല്‍ അദ്ഭുതം കൂറി ഒരു നിമിഷം നിന്നുപോകും. പിന്നെ അറിയാതെ പറഞ്ഞുപോകും ചരിത്രവും ഐതിഹ്യവും ഇഴപാകിയ ഇടുക്കിയിലെ സ്ഥലനാമം പേറുന്ന 33 മലകള്‍ എത്ര ഹൃദ്യവും മനോഹരവുമെന്ന്. ആകാശത്തെ ചുംബിച്ച് മഞ്ഞണിഞ്ഞു നില്‍ക്കുന്ന ഓരോ മലയ്ക്കും പറയാനുള്ളത് വേറിട്ട കഥകള്‍.


  നാമവും ചരിത്രവും പേറി കുടയത്തൂര്‍ വിന്ധ്യന്‍ മല, മുതിയാമല, നെല്ലിക്കമല, മാങ്കുന്നുമല, കാത്തുമല, ഇരവിമല, ചെണ്ടുവരൈമല, കൊളുക്കുമല, ദേവിമല, പെരുമാള്‍മല, ഗുഡൂര്‍മല, കബുല മല, കരിമല, ആനമല, ശിവഗിരി മല, മേഘമല, വെള്ളിമല, മംഗളഗിരിമല, കരിങ്കുളംമല, കുറവന്‍ കുറത്തിമല, കുമരിക്കല്‍മല, കരിങ്കുളംമല, മഞ്ചുമല, പട്ടുമല, നാടുകാണിമല, വലകെട്ടിമല, കോട്ടമല, തുന്പച്ചിമല, രാജമല, കോവില്‍മല, വാഴമല എന്നിവയെല്ലാം നാടിന്റെ തനിമയും പാരന്പര്യവും വിളിച്ചോതുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിന് കാരണമായത് കുറവന്‍ – കുറത്തി മലകളാണ്.

 കേരളത്തിന്റെ കെടാവിളക്ക് എന്നറിയപ്പെടുന്ന മൂലമറ്റം പവര്‍ഹൗസിലേക്ക് കുളമാവ് ഡാമില്‍നിന്ന് വെള്ളമെത്തിക്കുന്നത് നാടുകാണി മല തുരന്ന് പെന്‍സ്റ്റോക്ക് പൈപ്പിലൂടെയാണ്. കോട്ടപോലെ നില്‍ക്കുന്ന വലകെട്ടി മലയുടെയും നാടുകാണി മലയുടെയും നടുവിലാണ് ഭൂഗര്‍ഭ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്. 


രാജമുദ്രയുമായി കോവില്‍മല കേരളത്തില്‍ രാജഭരണം ജനാധിപത്യത്തിന് വഴിമാറിയെങ്കിലും ഇടുക്കിയില്‍ അതിന്റെ ശേഷിപ്പ് ഇപ്പോഴുമുണ്ട്. ജില്ലയിലെ പ്രബല ഗോത്രവര്‍ഗ വിഭാഗമായ മന്നാന്‍ സമുദായം പിന്തുടര്‍ന്നു വരുന്നത് രാജഭരണമാണ്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയിലാണ് രാജാവിന്റെ ആസ്ഥാനമന്ദിരം. രാമന്‍ രാജമന്നാനാണ് നിലവിലെ രാജാവ്. ജില്ലയിലെ എല്ലാ മന്നാന്മാരും രാജാവിന്റെ പ്രജകളായാണ് കരുതപ്പെടുന്നത്. രാജാവ് മരിച്ചാല്‍ സഹോദരീപുത്രനെ പ്രത്യേക ചടങ്ങ് നടത്തി രാജാവായി വാഴിക്കുകയാണ് പതിവ്. വിളവെടുപ്പ് മഹോത്സവമായ കാലാവൂട്ടും കൂത്തുമാണ് ഇവരുടെ പ്രധാന ആഘോഷം. 


സ്ത്രീവേഷം കെട്ടിയാണ് പുരുഷന്മാര്‍ കൂത്ത് നടത്തുന്നത്. വിളവ് നല്‍കിയ പ്രകൃതിയോടുള്ള നന്ദിപ്രകാശനമാണ് കാലാവൂട്ട്. കാഴ്ചയുടെ വിരുന്നും ഐതിഹ്യപ്പെരുമയും ജില്ലയിലെ മലകളില്‍ രാമക്കല്‍മേടിനുള്ള സ്ഥാനം അദ്വിതീയമാണ്.  കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ മലയില്‍ എത്തിയാല്‍ ദൃശ്യവിരുന്ന് ആസ്വദിക്കാം. തമിഴ്‌നാട്ടിലെ കന്പം, ഗൂഡല്ലൂര്‍, തേവാരം, തേനി തുടങ്ങിയ പട്ടണങ്ങള്‍ ഇവിടെ നിന്നാല്‍ കാണാം. ശ്രീരാമനും സീതയും വനവാസത്തിനു പോയപ്പോള്‍ ഇവിടെയെത്തിയെന്നാണ് ഐതിഹ്യം. ശക്തമായി കാറ്റു വീശുന്ന പ്രദേശമാണിവിടം. മലയുടെ നെറുകയില്‍ എത്തിയാല്‍ രാമക്കല്ല് മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നതും ദര്‍ശിക്കാം.


 ഇതുപോലെ കുടയത്തൂര്‍ വിന്ധ്യന്‍ മലയുടെ ഭാഗമായ ഇലവീഴാപ്പൂഞ്ചിറയില്‍ നിന്നാല്‍ ചേതോഹരമായ സൂര്യാസ്തമയ ദൃശ്യവും മലങ്കര ജലാശയത്തിന്റെ ദൃശ്യവും നുകരാനാകും. ജലസ്രോതസും വന്യജീവി കേന്ദ്രവും ഇടുക്കിയിലെ മലകള്‍ പ്രധാന ജലസ്രോതസുകളുടെ ഉത്ഭവകേന്ദ്രം കൂടിയാണ്.പെരിയാര്‍, മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ ഉത്ഭവം മലകളില്‍നിന്ന് പൊട്ടിയൊഴുകുന്ന നീര്‍ച്ചാലുകളാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിക്കു സമീപമാണ് ലോകത്ത് അപൂര്‍വമായി കാണുന്ന വരയാടുകളുള്ള രാജമല. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്. സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. 7,754 ഹെക്ടര്‍ വിസ്തീര്‍ണമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്, 9,700 ഹെക്ടര്‍ വരുന്ന ഇരവികുളം ദേശീയ പാര്‍ക്ക്, 7,760 ഹെക്ടര്‍ വിസ്തീര്‍ണമുള്ള ഇടുക്കി വന്യമൃഗസംരക്ഷണകേന്ദ്രം, 9,044 ഹെക്ടറുള്ള ചിന്നാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രം എന്നിവ ജൈവവൈവിധ്യത്തിന്റെ കലവറയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments