തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍ ബൈജു (56)ന്റെ മൃതദേഹമാണു കണ്ടെത്തിയത്. മൂവാറ്റുപുഴയാറിന്റെ കാട്ടിക്കുന്നു തീരത്ത് പാലാക്കരി ഫിഷ് ഫാമിനു സമീപം പൊങ്ങിയ നിലയില്‍ ശനിയാഴ്ച ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്നും ലൈറ്റിട്ട് പാര്‍ക്കു ചെയ്തിരുന്ന നിലയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ഇതിനു സമീപത്ത് നിന്നും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്.
തുടര്‍ന്നു പോലീസും അഗ്‌നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണു മൃതദേഹം കാട്ടിക്കുന്നു ഭാഗത്തു പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ ബൈജു വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കാന്‍ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്നു പറഞ്ഞു വ്യാഴാഴ്ച വൈകിട്ടു വീട്ടില്‍ നിന്നും പോയതാണെന്നു ബന്ധുക്കള്‍ പറയുന്നു.
0 Comments