പാലാ നഗരസഭയുടെ കരുതല്‍, കടയം സ്‌കൂളിന് കരുത്ത്.



സുനില്‍ പാലാ

പാലാ നഗരസഭയില്‍ കുട്ടികളുടെ എണ്ണം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂള്‍. പഠന-പാഠ്യേതര രംഗങ്ങളിലെ മികവ് പരിഗണിച്ചാണ് കൂടുതല്‍ മാതാപിതാക്കള്‍ ഇവിടേയ്ക്ക് തങ്ങളുടെ മക്കളെ അയയ്ക്കുന്നത്. സ്‌കൂളിന്റെ ചുമതലയുള്ള നഗരസഭാ അധികാരികളും ഇത് മനസ്സിലാക്കിക്കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിലെല്ലാമായി കടയം ഗവ. എല്‍.പി. സ്‌കൂളില്‍ നടപ്പാക്കിയത്. 


ഈ വര്‍ഷം അധ്യാപകര്‍ക്കിരിക്കാന്‍ നാല് റിവോള്‍വിംഗ് ചെയറുകളും കുട്ടികള്‍ക്കായി നാല് ഡസ്‌ക്കുകളും അനുവദിച്ചു. അതുകൂടാതെ സ്‌കൂള്‍ പുതുതായി പെയിന്റടിച്ച് മനോഹരമാക്കി. ബാത്ത്റൂമുകളുടെ മെയിന്റനന്‍സ് പൂര്‍ത്തിയാക്കി. 



വാര്‍ഡ് കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായിരുന്ന ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ എന്നിവര്‍ പ്രത്യേക താത്പര്യമെടുത്താണ് സ്‌കൂളില്‍ വേണ്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ചത്. 
 
 
പാലാ നഗരസഭയില്‍ പഠന-പാഠ്യേതര രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കടയം ഗവ. എല്‍.പി. സ്‌കൂളിന് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് മാതൃകാപരമാണെന്ന് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും അഭിപ്രായപ്പെടുന്നു. 


ഡൈനിംഗ് ഹാളുംകൂടി വേണം

സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് പര്യാപ്തമായ ഒരു ഡൈനിംഗ് ഹാളുംകൂടി നിര്‍മ്മിച്ച് നല്‍കണമെന്ന അപേക്ഷ നഗരസഭാ അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ജി. പറഞ്ഞു. 
 
നിലവില്‍ നാലുവരെ ക്ലാസുകളിലായി 98 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കാലങ്ങളായി നഗരസഭാ ഭരണകര്‍ത്താക്കള്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍ എല്ലാവിധ പരിഗണനയും സ്‌കൂളിന് നല്‍കുന്നുണ്ടെന്നും ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി. 

ഡൈനിംഗ്ഹാള്‍ നിര്‍മ്മാണം പരിഗണനയില്‍ - ചെയര്‍മാന്‍

നഗരസഭയുടെ കീഴിലുള്ള ഗവ. സ്‌കൂളുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കടയം ഗവ. എല്‍.പി. സ്‌കൂളിന് ഡൈനിംഗ് ഹാള്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യം നഗരസഭയുടെ സജീവ പരിഗണനയിലുണ്ടെന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍  പറഞ്ഞു.
 ഇത് സംബന്ധിച്ച് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും എത്രയുംവേഗം ഡൈനിംഗ് ഹാള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments