മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിറോ മലബാര്‍സഭാ ആസ്ഥാനത്ത് എത്തി വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല എന്നതില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. ഈ വിഷയം അറിയിക്കാനാണ് സിറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയത്. അടുത്ത ദിവസം തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നാണ് മനസിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും സംബന്ധിച്ച നിരവധി പ്രശ്നങ്ങള്‍ നിലവിലുള്ള സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും. ഏറെ വൈകാരികമായാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭ പാസാക്കിയ നിയമങ്ങളെ മാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ കുറച്ച് പക്വതയോടെ ഇടപെടല്‍ വേണമായിരുന്നു. രാഷ്ട്രീയ ശക്തികള്‍ നാടകം കളിച്ച് അന്തരീക്ഷം മോശമാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്. ജാമ്യം തേടിക്കൊണ്ടുള്ള കന്യാസ്ത്രീകളുടെ അപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
0 Comments