കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക ദുർഗ്ഗ പ്രസാദും ടി സുനിത ദേവിയും 19 ലക്ഷം രൂപ വിലമതിക്കുന്ന 2250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തങ്ങളുടെ വീട് ശ്രീ വെങ്കിടേശ്വര സ്വാമിക്ക് ദാനം ചെയ്തു എന്ന് ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം ശ്രീ വെങ്കിടേശ്വര സ്വാമിക്ക് കൈമാറാനുള്ള വിൽപത്രം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇത് അവരുടെ ഭക്തിയെ എടുത്തുകാണിക്കുന്ന നീക്കമാണെന്ന് ടി.ടി.ഡി പറഞ്ഞു. അന്തരിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ വൈ.വി.എസ്.എസ്. ഭാസ്‌കർ റാവു സമാനമായ രീതിയിൽ നടത്തിയ സംഭാവനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദമ്പതിമാർ വീട് ദാനം ചെയ്തതെന്നും ടിടിഡി അറിയിച്ചു.
തിരുമലയിലെ ഓഫിസിൽ വെച്ച് രേഖകൾ കൈമാറി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ആരാധനാലയമാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം.ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭരണസമിതിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
0 Comments