രാമപുരം നാലമ്പല ദര്‍ശനം ഇന്ന് മുതല്‍... മുന്നൊരുക്കയോഗം കൂടിയിട്ടും പാതയുടെ കോലം കണ്ടോ!





സുനില്‍ പാലാ
 
രാമപുരം നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തരോട് ഇങ്ങനെയൊക്കെ മതിയല്ലേ...? എം.എല്‍.എ.യുടെയും ആര്‍.ഡി.ഒ.യുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കൊടുക്കാത്തതുകൊണ്ടാവുമല്ലേ നിങ്ങള്‍ പുല്ലുപോലും വേണ്ടവിധം വെട്ടാത്തത്. റോഡിലെ കുഴികള്‍ മഴയില്‍ അടച്ചത് മുഴുവന്‍ പൊളിഞ്ഞുപോയത് നിങ്ങള്‍ കണ്ടുവോ. 
 
വഴിസൈഡിലെ തടികള്‍ നീക്കുമെന്ന് പറഞ്ഞതും വെറുതെയായല്ലോ. ലക്ഷക്കണക്കിന് ഹൈന്ദവ ഭക്തരെത്തുന്ന രാമപുരം നാലമ്പല ദര്‍ശനത്തിനുള്ള സൗകര്യങ്ങളൊന്നുമൊരുക്കാത്ത അധികാരികളെ നിങ്ങള്‍ സമാധാനം പറയേണ്ടി വരും. ഇത് ചുമ്മാ കളിയായി പോകുമെന്ന് കരുതേണ്ട. നാളെ കര്‍ക്കിടകം ഒന്നുമുതല്‍ രാമപുരത്തെ നാലമ്പലങ്ങളിലേക്ക് ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുമെന്ന് അറിയാത്തവരല്ല ഉദ്യോഗസ്ഥവൃന്ദം. 
 
ഇത്തവണ നാലമ്പല ദര്‍ശന സീസണ് വളരെ മുന്നേതന്നെ മാണി സി. കാപ്പന്‍ എം.എല്‍.എ.യും പാലാ ആര്‍.ഡി.ഒ.യും ഉള്‍പ്പെടെയുള്ളവര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും യോഗം രാമപുരത്ത് വിളിച്ചു ചേര്‍ത്തിരുന്നു. ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തി എം.എല്‍.എ.യും ആര്‍.ഡി.ഒ.യും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ചേമ്പിലയില്‍ വെള്ളമൊഴിച്ചതുപോലെയായി. വഴിവക്കിലെ ചേമ്പുകള്‍ വാക്കത്തിക്ക് വങ്ങിവിട്ടതല്ലാതെ നാലമ്പല റോഡിലെ പലയിടത്തും പുല്ലുവെട്ടല്‍ പോലും വേണ്ടവിധം നടത്തിയില്ല. 

വഴിവക്കിലെ തടികളെല്ലാം മാറ്റി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനും വാഹനങ്ങള്‍ തമ്മില്‍ സൈഡ് കൊടുത്ത് പോകാനും സൗകര്യമൊരുക്കുമെന്ന് യോഗത്തില്‍ പി.ഡബ്ല്യു.ഡി. അധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ഒന്നും പാലിച്ചില്ല. രാമപുരം - കൂത്താട്ടുകുളം റൂട്ടില്‍ അമനകര ഭരതസ്വാമി ക്ഷേത്രത്തിന് സമീപം മെയിന്‍ റോഡില്‍ നിരവധി തടികളാണ് കിടക്കുന്നത്. ഇത് നീക്കിയില്ല എന്ന് മാത്രമല്ല ഒന്ന് മാറ്റിയിടാന്‍ പോലും അധികാരികള്‍ തയ്യാറാകാത്തത് കഷ്ടം. 

റോഡിലെ കുഴിയടയ്ക്കലും ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കല്‍ മാത്രമായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പൂവക്കുളം റോഡ് ചേരുന്ന ഭാഗത്ത് റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ആഴമുള്ള കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്തൊക്കെ നാലമ്പല ദര്‍ശനത്തിന് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും തലങ്ങും വിലങ്ങും ഓടുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. തിരക്കുമൂലം സ്വതേ ഗതാഗതക്കുരുക്കുണ്ടാകുന്ന ഈ ഭാഗത്ത് റോഡിലെ കുഴികള്‍കൂടിയാകുമ്പോള്‍ കുരുക്ക് മുറുകും. പിന്നെ പറഞ്ഞിട്ടെന്തുകാര്യം. 

ഇനിയുമുണ്ട് പോരായ്മകള്‍. അമനകരയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാന്‍ തുടങ്ങിയിട്ടില്ല. അതും ശരിയാക്കേണ്ടതുണ്ട്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments