വിളിച്ചാല്‍ വിളിപ്പുറത്ത് മാവടിക്കാവിലമ്മ....






സുനില്‍ പാലാ
 
മക്കനാത്തോടും മാവടിത്തോടും കൂട്ടുചേരുന്ന മുനമ്പില്‍ മാവടിക്കാവിലമ്മ വാഴുകയാണ്; പ്രതിഷ്ഠ നടത്തിയിട്ട് കേവലം നാല് മാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മാവടിക്കാവ് ശ്രീഭദ്രകാളി-ശാസ്താ ക്ഷേത്രത്തിലേക്ക് ഇപ്പോള്‍ ഭക്തജനപ്രവാഹമാണ്. വിളിച്ചാല്‍ വിളിപ്പുറത്താണ് മാവടിക്കാവിലമ്മയെന്ന് ഭക്തര്‍ ഒരേ സ്വരത്തില്‍ പറയുന്നു. നിലവില്‍ മാസത്തിലൊന്നേ പൂജയുള്ളൂവെങ്കിലും അമ്മയ്ക്ക് നേര്‍ച്ചകാഴ്ചകളര്‍പ്പിക്കാന്‍ എല്ലാദിവസവും തന്നെ ഭക്തരെത്തുന്നുണ്ട്. 

ഇന്നലെ പെയ്ത കനത്ത മഴയില്‍ അമ്മയുടെ ശ്രീകോവിലില്‍ നിന്നുള്ള ഓവിലൂടെ മഴവെള്ളം ഗംഗാജലം പോലെ തെളിഞ്ഞൊഴുകി; ക്ഷേത്രത്തിന് മേല്‍ക്കൂരയില്ല, കാരണം ശ്രീഭദ്രയോടൊപ്പം ശക്തിശാലിയായ വനദുര്‍ഗ്ഗയും ഇവിടെ ഒരുമിച്ചിരിക്കുകയാണ്. കാടിനുള്ളില്‍ രണ്ട് ഇരട്ടനദീ തീരത്തെ അത്യുഗ്രപ്രതാപിയായി വാഴുകയാണ് ഭദ്രകാളിയും വനദുര്‍ഗ്ഗാ ഭഗവതിയും. ശാസ്താവാണ് ഉപദേവത. 

മാവടിക്കാവ് അമ്പലത്തിന് സ്ഥലംകൊടുത്ത് പ്രതിഷ്ഠയ്ക്ക് മുന്‍കൈ എടുത്തത് അറയ്ക്കല്‍താഴെ പ്രസന്നകുമാറാണ്. അമ്പലം വരാനിടയായ സാഹചര്യത്തിലേക്ക് പ്രസന്നകുമാര്‍ വിരല്‍ ചൂണ്ടുകയാണ്; നാട്ടിലെല്ലാവര്‍ക്കും ഓരോരോ പ്രശ്‌നങ്ങള്‍, അപമൃത്യു... ജീവിത ദുരിതം..., ദുഖം എന്നുവേണ്ട പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരില്ല. ഇതിനിടെ കുളത്തിനാല്‍ ഭാഗത്തുനിന്ന് വിചിത്രമായ ചില രൂപങ്ങള്‍ നാട്ടുകാര്‍ കാണാനിടയായി. രാത്രികാലങ്ങളില്‍ അലര്‍ച്ചയും മറ്റും പതിവായി. ഇത് വര്‍ദ്ധിച്ചുവന്നതോടെയാണ് പരിസരവാസികള്‍ ചേര്‍ന്ന് ദേവപ്രശ്‌നത്തെക്കുറിച്ച് ആലോചിച്ചത്. 

പ്രശ്‌നത്തില്‍ തെളിഞ്ഞത് കുളത്തിനാല്‍ ഭാഗത്ത് പണ്ടൊരു മഹാക്ഷേത്രമുണ്ടായിരുന്നുവെന്നും ഇവിടെ കാടിനുള്ളില്‍ അത്യുഗ്രശാലിയായ ഭദ്രകാളിയും വനദുര്‍ഗ്ഗയും വാണിരുന്നുവെന്നുമാണ്. ക്ഷേത്രം പണിത് ഇവരെ വിധിയാംവണ്ണം പ്രതിഷ്ഠിക്കണമെന്നായിരുന്നു പ്രശ്‌നവിധി. പണ്ട് ക്ഷേത്രം ഉണ്ടായിരുന്ന ഭൂമിക്ക് ഇപ്പോള്‍ മറ്റവകാശികളായതോടെ ക്ഷേത്രനിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാകാതെ വന്നു. അതോടെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുന്‍കൈ എടുത്തിറങ്ങിയ രക്ഷാധികാരി അറയ്ക്കല്‍താഴെ പ്രസന്നകുമാര്‍ തന്റെ ഭൂമിയിലെ നാല് സെന്റ് സ്ഥലം ക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. മീനച്ചിലാറിന്റെ ഉത്ഭവത്തിലേക്ക് ഒഴുകിയിറങ്ങുന്ന മാവടിത്തോടും മക്കനാത്തോടും അതിരിടുന്ന മുന്നിക്ക് മാവടിക്കാവ് യാഥാര്‍ത്ഥ്യമായി. കഴിഞ്ഞ മാര്‍ച്ച് 10-നായിരുന്നു പ്രതിഷ്ഠ. 

നിലവില്‍ സമസ്ത ഹൈന്ദവ വിഭാഗങ്ങളും ചേര്‍ന്നുള്ള ഭരണസമിതി അമ്പലത്തിന്റെ ചുമതല ഏറ്റെടുത്തുകഴിഞ്ഞു. തെക്കേടത്ത് റ്റി.കെ. ബാലകൃഷ്ണന്‍ തീക്കോയി (പ്രസിഡന്റ്), എ.ആര്‍. സോമന്‍ ഐക്കരത്തെക്കേല്‍ (വൈസ് പ്രസിഡന്റ്), വിജയന്‍ പി.റ്റി. പാറയില്‍ (സെക്രട്ടറി), പ്രസന്നകുമാര്‍ എ.എന്‍. അറയ്ക്കത്താഴത്ത് (രക്ഷാധികാരി) എന്നിവരുള്‍പ്പെട്ട 51 അംഗ ഭരണസമിതിയാണ് കഴിഞ്ഞയാഴ്ച മുതല്‍ ക്ഷേത്രഭരണം നടത്തിവരുന്നത്. തേവണംകോട്ട് നാരായണന്‍ നമ്പൂതിരിയാണ് തന്ത്രി. സന്തോഷ് ശാന്തി മേല്‍ശാന്തിയും. തീക്കോയിയില്‍ നിന്നും വാഗമണ്‍ റൂട്ടില്‍ മാവടിയില്‍ നിന്ന് 200 മീറ്റര്‍ താഴേയ്ക്കിറങ്ങിയാല്‍ വനസമാനമായ സ്ഥലത്തുള്ള മനോഹരമായ മാവടിക്കാവ് കാണാം. ഫോണ്‍: 9447181510,  9074052363. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments