കൊല്ലം തേവലക്കര സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടർന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. ഈ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സർക്കാർ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നേരത്തെ നടത്തിയ പ്രസ്താവനയിൽ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി.
ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. താൻ ലഹരിക്കെതിരായ പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്.
ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. താൻ മിഥുന്റെ കുുടംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയാകുകയാണ്. സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ റിപ്പോർട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തിൽ നടപടിയെടുക്കാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സഹപാഠികൾ പറഞ്ഞിട്ടും മിഥുൻ ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്ന് മന്ത്രി പറഞ്ഞു. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിൻറെ മുകളിൽ കയറി… ചെരിപ്പെടുക്കാൻ പോയപ്പോൾ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷേ നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല.
അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ട് പോലും അവൻ അവിടെ കയറിയെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സിപിഐ വനിത സംഗമത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു മന്ത്രി ചിഞ്ചുറാണി. സാമൂഹിക ജീർണതയ്ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയിൽ സൂംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാകൾക്കും അണികൾക്കുമൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് വിദ്യാർഥി സ്കൂളിൽവെച്ച് ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായപ്പോൾ, അപകടത്തെ ലഘൂകരിച്ച് കാണുകയും, സൂംബ നൃത്തം ചെയ്യുകയും ചെയ്ത മന്ത്രി ചിഞ്ചുറാണിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
0 Comments