രാമപുരം കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ (MACCSA) ഉദ്ഘാടനം ചെയ്തു
രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ MACCSA യുടെ 2025-26ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.
പുതിയ അറിവുകള്‍ നേടുന്നതിനും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാങ്കേതിക കാഴ്ചപ്പാടുകള്‍ ഒന്നിച്ചു ചേര്‍ന്ന് വലിയ വിജയങ്ങള്‍ക്ക് കളമൊരുക്കുന്നതിനും കമ്പ്യൂട്ടര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ആശംസിച്ചു.
കോളേജിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനം മഹത്തരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം സിലബസിന് പുറത്തുള്ള കാര്യങ്ങളിലും അറിവ് നേടണമെന്നും തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് പുതിയ കണ്ടുപിടുത്തങ്ങളിലൂടെ സേവനം ചെയ്യണമെന്നും യോഗം ഉദ്ഘാടനം ചെയ്ത മരിയന്‍ കോളേജ് കുട്ടിക്കാനം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. രാജിമോള്‍ എ. വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രകാശ് ജോസഫ്, അര്‍ച്ചന ഗോപിനാഥ്, നിരജ ബി. നായര്‍, അമൃത ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments