ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. ഭർത്താവിനെ കൊല്ലാൻ ഭാര്യയും സഹോദരങ്ങളും ചേർന്ന് ക്വട്ടേഷൻ നൽകിയതാണെന്നാണ് കണ്ടെത്തൽ.
ബറേലിയിൽ ഇസത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രാജീവ് എന്നയാളെയാണ് കൈകാലുകൾ ഒടിഞ്ഞ നിലയിൽ കാട്ടിൽ കണ്ടെത്തിയത്. സ്ഥലത്തെ ഒരു ഡോക്ടറുടെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. ഭാര്യയും ബന്ധുക്കളും ചേർന്ന് നടത്തിയ കൊലപാതക ശ്രമത്തിൽ നിന്നാണ് രാജീവ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കൈകാലുകൾ ഒടിഞ്ഞ നിലയിൽ ഒരു അപരിചിതനാണ് കാട്ടിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഭാര്യ സാധനയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് രാജീവിന്റെ ആരോപണം.ഭഗവാൻ ദാസ്, പ്രേംരാജ്, ഹരീഷ്, ലക്ഷ്മൺ എന്നിവരുൾപ്പെടെയുള്ള 5 സഹോദരങ്ങളെ കൂട്ടുപിടിച്ച് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയും ചെയ്തു.
ജൂലൈ 21 ന് രാത്രി 11 പേർ ചേർന്നാണ് രാജീവിനെ വീട്ടിൽ വെച്ച് ആക്രമിച്ചത്. കൈയും രണ്ട് കാലുകളും ഒടിച്ചു. ജീവനോടെ കുഴിച്ചിടാനായിരുന്നു പദ്ധതിയിട്ടത്. കാട്ടിലേക്ക് കൊണ്ടുപോയി കുഴിയെടുക്കുകയും ചെയ്തു. എന്നാൽ അവരെ അവിടെ വെച്ച് ഒരു അപരിചിതൻ കണ്ടതിനാൽ പദ്ധതി ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നു.
അവശനിലയിൽ വേദനകൊണ്ട് നിലവിളിക്കാൻ പോലും സാധിക്കാതെ രാജീവ് അവിടെ കിടന്നു. എന്നാൽ അപരിചിതൻ രാജീവിനെ കണ്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചു. തുടർന്ന് ഇയാളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
0 Comments