ഈരാറ്റുപേട്ട - ചേന്നാട് - മാളിക റോഡ് തകര്‍ന്നു... വഴിയെന്ന് വിളിച്ചാല്‍ അത് നാണക്കേടാണ്...!






സുനില്‍ പാലാ
 
മാളിക റോഡ് തകര്‍ന്നെന്ന് പറഞ്ഞാല്‍ തകര്‍ന്നു; മറിച്ചൊരാളും പറയില്ല. അത്രയ്ക്കുണ്ടീ റോഡിന്റെ തകര്‍ച്ച. ഈരാറ്റുപേട്ട - ചേന്നാട് - മാളിക റോഡ് നന്നാക്കാന്‍ അധികാരികള്‍ക്കൊട്ട് താത്പര്യവുമില്ല. എത്രയോ കാലമായി ഈ റോഡ് ഇങ്ങനെ കുണ്ടും കുഴിയുമായി കിടക്കുന്നു. 
 

പല ഭാഗത്തും റോഡില്‍ ടാറും മെറ്റലുമില്ല. പരമദയനീയ അവസ്ഥ. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമാണ്. കുഴിയില്‍ നിന്ന് കുഴിയിലേക്ക് ചാടിയുള്ള പോക്ക്. ഇതിനിടയില്‍ ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണം വിടാന്‍ സാധ്യതയേറെ. കഴിഞ്ഞ ദിവസം മണിയംകുളം ഭാഗത്ത് റോഡിലെ കുഴിയില്‍ ബൈക്ക് വീണ് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. 

ഈരാറ്റുപേട്ട മുതല്‍ മാളിക വരെ പത്ത് കിലോമീറ്ററോളം ദൂരമുണ്ട്. ഈ വഴിയില്‍ കള്ളുവയലില്‍, രക്ഷാഭവന്‍ ഭാഗം, പെരുന്നിലം റേഷന്‍കട ഭാഗം, ആലാത്ത് ഭാഗം എന്നിവിടങ്ങളിലൊക്കെ കുഴികളോട് കുഴികളാണ്. 

കെ.എസ്.ആര്‍.ടി.സി. - സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന വഴിയാണിത്. മാത്രമല്ല മണിയംകുളം എല്‍.പി. സ്‌കൂള്‍, ചേന്നാട് എല്‍.പി. സ്‌കൂള്‍, ചേന്നാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും ഇതുവഴിയാണ് പോകുന്നത്. 

റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കുന്നേയില്ല. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും മൗനത്തിലാണ്. മഴ മാറുമ്പോഴെങ്കിലും റോഡൊന്ന് നന്നാക്കിയിരുന്നെങ്കില്‍ എന്നാശിക്കുകയാണ് നാട്ടുകാര്‍. 


റോഡ് നന്നാക്കുന്നതില്‍ അലംഭാവം അരുത്.

നൂറുകണക്കിന് യാത്രക്കാരുടെ ഏക ആശ്രയമായ ഈരാറ്റുപേട്ട - ചേന്നാട് - മാളിക റോഡ് നന്നാക്കുന്നതിന് അധികാരികള്‍ എത്രയും വേഗം തയ്യാറാവണം. ഇക്കാര്യത്തിലുള്ള അനാസ്ഥ അവസാനിപ്പിച്ചേ തീരൂ. ഇനിയും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദികള്‍ റോഡ് നന്നാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും.
 
- ഔസേപ്പച്ചന്‍, ചേന്നാട്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments