പൊതുവിദ്യാഭ്യാസഘടന അഴിച്ചുപണിയുന്ന സ്കൂൾ ഏകീകരണത്തിനുള്ള നടപടി അന്തിമഘട്ടത്തിൽ. വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും അധ്യാപകതസ്തികകളുടെ ക്രമീകരണവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അംഗീകാരത്തിനയച്ചു. ഇതിന് അനുമതി കിട്ടിയാൽ, ‘സ്കൂൾ ഏകീകരണം’ മന്ത്രിസഭ പരിഗണിക്കും.
ഏകീകരണത്തോടെ, ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ പ്രൈമറി, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെയാവും സ്കൂൾഘടന. അധ്യാപകനിയമനവും ഇതനുസരിച്ച് മാറും. ഇപ്പോഴത്തെ ‘ഹയർ സെക്കൻഡറി’ക്ക് പകരം, ഒൻപതു മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട ‘സെക്കൻഡറി’യിലേക്കാവും അധ്യാപകനിയമനം. സെക്കൻഡറിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാകുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വരും.
പൊതുവിദ്യാഭ്യാസ ഘടന മാറ്റാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി)നിർദേശിച്ചിരുന്നു. എൻഇപി അംഗീകരിക്കാതെത്തന്നെ, ദേശീയഘടനയ്ക്ക് അനുസൃതമായി പൊതുവിദ്യാഭ്യാസ സമ്പ്രദായം മാറ്റാനുള്ള കേരളബദലാണ് സ്കൂൾ ഏകീകരണം.
വൻതോതിൽ തസ്തിക സൃഷ്ടിക്കേണ്ടിവരുമെന്നു കരുതി, സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂൾ ഏകീകരണത്തിൽ സർക്കാർ ആദ്യം മടിച്ചുനിന്നു. എന്നാൽ, ജനനനിരക്കും മറ്റും ബാധിച്ച് വിദ്യാർഥികൾ കുറഞ്ഞതുകാരണം പൊതുവിദ്യാലയങ്ങളിൽ അധ്യാപകർ അധികമാകുന്ന സ്ഥിതി വന്നു. അതോടെയാണ് സർക്കാരിന് മനംമാറ്റം. അധിക അധ്യാപകരെ പുനർവിന്യസിക്കാൻ ഏകീകരണം സഹായിക്കും. പുതുതായി സൃഷ്ടിക്കപ്പെടുന്ന പിഐഒ തസ്തികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത വരില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയാണ് സ്കൂൾ ഏകീകരണം.
ഏകീകരണത്തെത്തുടര്‍ന്ന്, നിലവിലെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴില്‍ വികേന്ദ്രികരിക്കപ്പെടും. സ്കൂള്‍ മേല്‍നോട്ടത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ഓഫീസര്‍ എന്ന് പുതിയ തസ്തിക വരും. പ്രഥമാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിലേക്ക് സ്ഥാനക്കയറ്റം നല്കി നിയമിക്കും. ഗ്രാമപഞ്ചായത്തില്‍ ഈ തസ്തികയില്‍ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകര്‍ വരും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരായിരിക്കും ബ്ലോക്ക് പഞ്ചായത്തുകളില്‍ വരിക.
0 Comments