മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി.
മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്കാണ് മാറ്റിയത്. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്.
ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്നത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയിൽ ഡ്രൈവർ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപ ആയിരുന്നു ആദ്യം പിഴ പറഞ്ഞതെന്നും പിന്നീട് 500 രൂപ ആക്കി ഉയർത്തിയെന്നും പരാതിക്കാരൻ പറഞ്ഞു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനായ നൗഷാദ് ഡ്രൈവറെ മർദിച്ചത്.
ബാങ്കിൽ നിന്നും പണവുമായെത്തിയ വാഹനം വഴിയിൽ തടഞ്ഞിട്ട ശേഷം തന്നെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും ചെയ്തു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് തന്റേത്. അതുകൊണ്ടാണ് പിഴ തുക കുറച്ചുതരാമോ എന്ന് ചോദിച്ചത്. എന്നാൽ, മർദിക്കുകയായിരുന്നു എന്നും പരാതിക്കാരനായ ജാഫർ പറഞ്ഞു.
ഡ്രൈവറുടെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ തൊട്ടടുത്ത് വാഹനത്തിൽ വന്നവരാണ് പകർത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞ് ജാഫറിനെ പൊലീസുകാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരങ്ങൾ. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
0 Comments