തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും - യു ഡി എഫ്

 

തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും  വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും - യു ഡി എഫ് 

 തീക്കോയി  : കഴിഞ്ഞ കാൽ നൂറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്ത് തികച്ചും മാതൃകാപരമായി ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കള്ള പ്രചാരണങ്ങളും അപവാദങ്ങളുമായി എൽഡിഎഫ് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മണ്ഡലം യുഡിഎഫ് കമ്മിറ്റി. ഈ ഭരണസമിതി അധികാരമേറ്റ് 30 ദിവസം തികയുന്നതിന് മുൻപ് സമര കോലാഹലവുമായി ഇറങ്ങി ജനങ്ങളെ അവഹേളിക്കുവാൻ എൽഡിഎഫ് ശ്രമിച്ചിരുന്നു. ആ സമരം ജനങ്ങൾ പൂർണമായും അവഗണിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായപ്പോൾ വീണ്ടും സമരവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരം കൈക്കലാക്കുവാനുള്ള വ്യാമോഹമാണെന്നും യുഡിഎഫ് പ്രസ്താവിച്ചു.


      രണ്ടു മാസങ്ങൾക്ക് മുമ്പ് നടന്ന ഉദ്യോഗസ്ഥരുടെ ജനറൽ ട്രാൻസ്ഫറിൽ സെക്രട്ടറി അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ, കൃഷി ഓഫീസർ എന്നീ നിർവഹണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നില്ല. 30/06/2025 മുതൽ ഗ്രാമപഞ്ചായത്തിൽ എ ഇ യുടെയും ഓവർസിയർമാരുടെയും സേവനം ലഭിച്ചിരുന്നില്ല. ഈ വിഷയം ചൂണ്ടിക്കാണിച്ച് 11/07/2025ലെ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് കത്ത് നൽകിയിരുന്നു.
     എന്നാൽ ഇത് സംബന്ധിച്ച് അനുകൂലമായ യാതൊരു തീരുമാനവും ലഭിക്കാത്ത സാഹചര്യത്തിലും ദിവസങ്ങളായി എ ഇ യും ഓവർസിയർമാരും ഇല്ലാതെ എൻജിനീയറിങ് വിംഗ് അടഞ്ഞുകിടന്ന സാഹചര്യത്തിലുമാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ  20/01/2024 ലെ ഡി.ഇ.എ/4 നമ്പർ ഉത്തരവിൻ പ്രകാരം കരാർ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കോട്ടയം എൻജിനീയറിങ് വിംഗിലെ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ചീഫ് എൻജിനീയറുടെ എംപാനൽ ലിസ്റ്റിൽ നിന്നും ആളെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 29/07 /2025 ന് കത്ത് നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ  30/07/2025ലെ ഉത്തരവിൻ പ്രകാരം തീക്കോയി ഗ്രാമപഞ്ചായത്തിലേക്ക് എം പാനലിൽപെട്ട വിജയകുമാർ വിഎസ് എന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തിരുന്നു. ടി ഉത്തരവ്   01/ 08/2025 ലെ ഗ്രാമപഞ്ചായത്തിലെ അടിയന്തര കമ്മറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. 04/08/2025 ടി ഉദ്യോഗസ്ഥൻ നിയമപ്രകാരം എഗ്രിമെന്റ് വെച്ച് ചാർജ് എടുത്ത് ജോലി ചെയ്തു വരുന്നു. 
     നടപ്പ് വർഷത്തെ പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് എടുത്ത് സാങ്കേതിക അനുമതി വാങ്ങി വർക്കുകൾ ടെൻഡർ ക്ഷണിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് ടി ഉദ്യോഗസ്ഥൻ.  ബിൽഡിങ് പെർമിറ്റ് ഉൾപ്പെടെ മുടങ്ങിക്കിടന്നിരുന്ന ഫയലുകൾ തീർപ്പാക്കി കൊണ്ടിരിക്കുന്നു. ഓവർസിയർമാരെ നാളിതുവരെ ഗവൺമെന്റ് നിയമിച്ചിട്ടില്ല. 
       കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി,കല്ലറ, വിജയപുരം, ചിറക്കടവ്, പനച്ചിക്കാട് തുടങ്ങിയിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലും ഇപ്രകാരമുള്ള കരാർ എ ഇ മാരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിൽ പല പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിയമപ്രകാരമുള്ള ഈ നടപടിക്രമങ്ങളെയാണ് ഇവിടുത്തെ എൽ.ഡി.എഫ് അനധികൃത നിയമനം എന്ന് പറഞ്ഞ് സമരം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നടക്കാതിരിക്കാൻ ആണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. 
     സമരം ചെയ്യുന്ന എൽ.ഡി.എഫ് മെമ്പർമാർ പുതിയതായി വന്നിട്ടുള്ള ഉദ്യോഗസ്ഥന്റെ സേവനം നിലവിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ എല്ലാ വാർഡുകളിലും  തുല്യമായി ഫണ്ടുകൾ നൽകി വളരെ മാതൃകാപരമായും സുതാര്യമായിട്ടുമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുന്നത്. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച പഞ്ചായത്ത് ആണ് തീക്കോയി.


      എല്ലാ സാമ്പത്തിക വർഷവും പദ്ധതി നിർവഹണത്തിലും നികുതി സമാഹാരത്തിലും 100% നേട്ടം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ലൈഫ്, പി എം എ വൈ പദ്ധതി പ്രകാരം ഭവനരഹിതർക്ക് സമ്പൂർണ്ണ ഭവന പദ്ധതി,ജലനിധി, ജൽ ജീവൻ  പദ്ധതികളിൽ പെടുത്തി എല്ലാ കുടുംബങ്ങളിലും കുടിവെള്ളം, ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും ഗതാഗതയോഗ്യമാക്കി. മാർമല അരുവി വിനോദസഞ്ചാര കേന്ദ്രം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനം ഗ്രാമപഞ്ചായത്തിൽ രണ്ടായിരത്തിൽ പരം സ്ട്രീറ്റ് ലൈറ്റുകൾ,നിരവധി ഹൈമാസ്റ്റ് ലൈറ്റുകൾ, പി.എച്ച്. സിക്ക്  80 ലക്ഷം രൂപയുടെ പുതിയ കെട്ടിട സമുച്ചയം, കാർഷിക മേഖലയിലെ നിരവധിയായ പദ്ധതികൾ, ആരോഗ്യ മേഖലയിൽ പി എച്ച് സി ഹോമിയോ ആയുർവേദം തുടങ്ങിയിട്ടുള്ള ആശുപത്രികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, അങ്കണവാടികളുടെ പ്രവർത്തനങ്ങൾ, അർഹതയുള്ള മുഴുവൻ പേർക്കും ക്ഷേമപെൻഷനുകൾ തുടങ്ങിയിട്ടുള്ള കാര്യങ്ങൾ ഭരണസമിതിയുടെ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. 
      ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെയും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനങ്ങൾക്കെതിരെയും യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ജംഗ്ഷനിൽ നയവിശദീകരണ യോഗം നടത്തുന്നതാണ്. യോഗത്തിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, യു.ഡി.എഫ് ഭാരവാഹികളായ ഹരി മണ്ണുമഠം, ജോയി പൊട്ടനാനി, എം ഐ ബേബി,  ഫ്രാൻസിസ് ജേക്കബ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ,  ബിനോയി ജോസഫ്,  മാജി തോമസ്, ജയറാണി തോമസ് കുട്ടി,  മാളു  ബി മുരുകൻ എന്നിവർ അറിയിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments