തൊടുപുഴ മുതലക്കോടം മാവിന്‍ചുവടിനു സമീപം റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര്‍പേസഴ്സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക് എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര്‍ന്ന് സ്ലാബ് ഓടയില്‍ വീണു കിടക്കുകയായിരുന്നു.
എന്നാല്‍ പലതവണ നഗരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഓടയുടെ കുറുകെ സ്ലാബ് പുനഃസ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറായിരുന്നില്ല. 2025 ജനുവരിയിലെ ശക്തമായ മഴയില്‍ ഈ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും നഗരസഭാവിഭാഗം പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറോട് ഓടയില്‍ തകര്‍ന്നു കിടക്കുന്ന സ്ലാബും മാലിന്യവും നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന്
ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാല്‍ നഗരസഭ നേരിട്ട് പ്രദേശത്തെ ഓടയിലെ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ നഗരസഭ ഓട വൃത്തിയാക്കിയപ്പോഴാണ് സ്ലാബ് തകര്‍ന്ന് കുഴി രൂപപ്പെട്ടതെന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്കുണ്ടായ വീഴ്ച നഗരസഭയുടെമേല്‍ കെട്ടിവയ്ക്കുന്നതിനുള്ള ശ്രമം മാത്രമാണ്.




0 Comments