കുളമാവ് സ്റ്റാന്‍ഡില്‍ കയറാതെ കെഎസ്ആര്‍ടിസി.....മൂലമറ്റത്ത് ബസ് തടഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍

 

നിശ്ചയിക്കപ്പെട്ട സ്റ്റാന്‍ഡില്‍ കയറാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെ മൂലമറ്റം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്റ്റീഫന്‍ മംഗലത്തുകുന്നേലാണ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ചെറുതോണിയില്‍ നിന്നും മൂലമറ്റത്തേക്ക് വരികയായിരുന്ന തൊടുപുഴ ഡിപ്പോയിലെ ബസിലാണ് (കെഎല്‍ 158115) സ്റ്റീഫന്‍ യാത്ര ചെയ്തിരുന്നത്. ബസ് കുളമാവ് സ്റ്റാന്‍ഡില്‍ കയറണമെന്ന് സ്റ്റീഫന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. 


സ്റ്റാന്‍ഡില്‍ പോകില്ലെന്നും വേണമെങ്കില്‍ റോഡരികില്‍ ഇറങ്ങിക്കൊള്ളാനും പറഞ്ഞ് കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റം വരെ ടിക്കറ്റെടുത്ത് യാത്ര ചെയ്ത സ്റ്റീഫന്‍, ബസ് മൂലമറ്റം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങി ബസ് തടയുകയായിരുന്നു. വിവരമറിഞ്ഞ് അറക്കുളത്തെ ജനപ്രതിനിധികളടക്കമുള്ളവര്‍ സ്ഥലത്തെത്തി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് തൊടുപുഴയില്‍ നിന്നും ദീര്‍ഘദൂര യാത്രകള്‍ ചെയ്യാനുണ്ടായിരുന്നതിനാല്‍, അവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് പിന്നീട് ബസ് കടത്തിവിട്ടു. 


കുളമാവ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ പ്രധാന പാതയിലൂടെ കടന്നുപോകുന്നത് പതിവാണെന്ന് പരാതിയുണ്ട്. സ്റ്റാന്‍ഡില്‍ കയറാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പരാതി നല്‍കിയതായും, നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികളെ സമീപിക്കുമെന്നും സ്റ്റീഫന്‍ മംഗലത്തുകുന്നേല്‍ അറിയിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments