വീട്ടുകാര്‍ പള്ളി തിരുനാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം.
കരിമണ്ണൂര്‍ പഞ്ചായത്ത് മുന്‍ അംഗം തൊമ്മന്‍കുത്ത് കല്ലിടുക്കില്‍ ബിബിന്‍ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപ മോഷണം പോയി. ഞായറാഴ്ച രാത്രി 7-നും 10.30-നും ഇടയിലാണ് മോഷണം നടന്നത്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള നാടകം കണ്ട് 10.30 ഓടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ കോടാലിയും കമ്പിപ്പാരയും ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ അലമാരയില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി.
വീട്ടുപകരണങ്ങള്‍ എല്ലാം മോഷ്ടാക്കള്‍ വലിച്ചുവാരിയിട്ട് അലങ്കോലമാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കരിമണ്ണൂര്‍ എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ബിജു ജേക്കബ്, ബേബി ജോസഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



0 Comments