സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് മദ്യശാലകള്‍ അനുവദിക്കുന്നു - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്






സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് മദ്യശാലകള്‍ അനുവദിക്കുന്നു  - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് 

സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇത് നാടിന് ഭീഷണിയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരിവിരുദ്ധ ഞായറിന്റെ ഭാഗമായി പാലാ രൂപതാ സമ്മേളനം പാലാ സെന്റ് ജോര്‍ജ്ജ് ളാലം പുത്തന്‍പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 


മദ്യം ഒരു പാനീയമല്ല അത് കുടുംബത്തിന്റെ കണ്ണീരാണ്. ഒട്ടേറെ വീട്ടമ്മമാര്‍ പേടിച്ച് വീട്ടില്‍ കഴിയുന്നു. ലഹരി ഒരു സാമൂഹിക പ്രതിസന്ധി മാത്രമല്ല വളരെ ആഴത്തിലുള്ള ആത്മീയ പ്രതിസന്ധി കൂടിയാണ്. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം മൂലം പല ഭവനങ്ങളും സംഘര്‍ഷഭരിതമാകുന്നു. ലഹരിയാണ് ഏറ്റവും വലിയ സന്തോഷം എന്നാണ് മനുഷ്യര്‍ കരുതുന്നത്. എല്ലാവിധ ലഹരികളും തിന്‍മയാണ്. ലഹരി മൂലം ഒരു തലമുറ നശിച്ചുപോകുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്. ഈ തിന്‍മയ്‌ക്കെതിരെ പോരാടിയില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന്റെ കുലീനത നഷ്ടമാകും. നിശ്ചയദാര്‍ഢ്യത്തോടുകൂടി ഈ ലഹരിക്കെതിരെ നമ്മള്‍ ഇടപെടണം. 

അധികാരമുള്ളത് സര്‍ക്കാരിന്റെ കൈകളിലാണ്. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും എതിരെ നടപടിയെടുക്കാനാകൂ. മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കാതെ ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കണം. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. 


അധികാരത്തില്‍ വന്നാല്‍ മദ്യശാലകളൊന്നും അനുവദിക്കില്ലായെന്ന് പറഞ്ഞ് വന്നവര്‍ പിന്നീട് മദ്യവര്‍ജ്ജനം പറയുകയും മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയും മാരക രാസലഹരികളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുകയാണ്. ബാറുകള്‍ 29-ല്‍ നിന്ന് 1016 ആയി. കള്ളുഷാപ്പുകള്‍ 5171 ആയി. ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ 400-ലധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വര്‍ദ്ധിപ്പിച്ചതും മദ്യത്തിന് പേരിടാന്‍ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. ചോദിക്കുന്നവര്‍ക്കെല്ലാം മദ്യശാലകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് തിരുത്തണമെന്നും ബിഷപ് ആവശ്യപ്പെട്ടു.  


സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ഫാ. ജോസഫ് തടത്തില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ്ജ് മൂലേച്ചാലില്‍, സാബു എബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ സര്‍ക്കുലര്‍ വായിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments